പ്രധാന വാര്‍ത്തകള്‍
വനംവകുപ്പ് ഓഫീസിന് മുന്നില്‍ മരം നട്ട് പ്രതിഷേധം
നെടുങ്കണ്ടം: ഉടുമ്പന്‍ചോല-ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവില്‍ മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഓഫീസിന് മുന്നില്‍ മരം നട്ട് പ്രതിഷേധിച്ചു. വനംവകുപ്പ് കല്ലാര്‍ സെക്ഷന്‍ ഓഫീസിന് മുന്നിലാണ് ധര്‍ണയും മരം നടീല്‍ സമരവും നടത്തിയത്. ഉടുമ്പന്‍ചോല-ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവില്‍ കരാറുകാരനും പൊതുമരാമത്ത്, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വന്‍തോതില്‍ വനംകൊള്ള നടത്തിയെന്നാരോപിച്ചായിരുന്നു സമരം. മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരമായി വനംവകുപ്പ് ഓഫീസിന് സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ മരതൈകള്‍ നട്ടു. ബി.ജെ.പി. ഉടുമ്പന്‍ചോല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു അമ്പാടി, കെ.പി.അനീഷ്, മന്മദന് മറ്റക്കര, അനീഷ് ചന്ദ്രന്, കെ.ബിജു, സജി അയ്യപ്പാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.