അത്ര കൗതുകമല്ല ഈ വാനരക്കൂട്ടം

ചെറുതോണി: പൈനാവില്‍ സഞ്ചാരികള്‍ക്ക് കൗതുകമാകുന്ന വാനരക്കൂട്ടം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ജില്ല ആസ്ഥാനമായ പൈനാവില്‍ നൂറുകണക്കിന് വാനരന്മാർ റോഡരികുകളിലും മരങ്ങളിലും സ്ഥിരതാവളമാക്കിയതോടെ പ്രദേശം സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയാണെങ്കിലും കർഷകർക്ക് ആശങ്കയാണ്.
അഞ്ചുവര്‍ഷം മുമ്പ് മാത്രമാണ് പൈനാവ് മേഖലയില്‍ വാനരന്മാരുടെ സാന്നിധ്യം സ്ഥിരമായി ശ്രദ്ധയില്പ്പെട്ടുതുടങ്ങിയതത്രേ. സഞ്ചാരികള്‍ ഭക്ഷണസാധനങ്ങള്‍ നല്‍കിത്തുടങ്ങിയതോടെ വാനരന്മാർ മനുഷ്യരുമായി കൂടുതല്‍ അടുത്തിടപഴകാനും തുടങ്ങിയിട്ടുണ്ട്. ഇത് ഇവയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കുന്നതിനൊപ്പം ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഇവയുടെ സഞ്ചാരം വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൃഷിമേഖലയില്‍ കൂട്ടത്തോടെയെത്തുന്ന വാനരന്മാർ തേങ്ങ, വാഴക്കുല, കൊക്കോക്കായ, മരച്ചീനി, ഭക്ഷ്യയോഗ്യമായ പഴവർഗങ്ങളെല്ലാം പറിച്ചുകൊണ്ടുപോകുന്നതും നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വാനരന്മാരുടെ സാന്നിധ്യം ഈ മേഖലയില്‍ വര്‍ധിക്കുന്നത് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ ബന്ധപ്പെട്ട അധികൃതര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്.













































































































































