രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിലെത്തി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിലെത്തി. വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിലാണ് മോദി അയോധ്യയിലേക്ക് എത്തിയത്. സ്ഥലത്ത് രാഷ്ട്രീയ, സാംസ്‌കാരിക, ചലച്ചിത്ര, വ്യവസായ രംഗങ്ങളിലെ പ്രമുഖരുടെ നീണ്ടനിരയാണ്. അമിതാഭ് ബച്ചൻ, രജനീകാന്ത്, ചിരഞ്ജീവി, രാംചരൺ, സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, സൈന നേവാൾ, മിതാലി രാജ്, അനിൽ അംബാനി, കുമാരമംഗലം ബിർല തുടങ്ങിയവരെല്ലാം സന്നിഹിതരായിട്ടുണ്ട്.അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്‌ഥാനങ്ങളിലെ സാംസ്ക്‌കാരിക പരിപാടികൾ അരങ്ങേറുന്നു. ഇന്നു പുലർച്ചെ മുതൽ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്.
ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും ഇന്നു പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവർക്കും മാധ്യമങ്ങൾക്കും മാത്രമാണ് പ്രവേശനം. 12.05 മുതൽ 12.55 വരെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾ. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയിൽ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേർ തില ക്ഷേത്രദർശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്‌ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണർത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലർച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.