നിഗൂഢതകൾ നിറഞ്ഞ ചിന്നമ്മ വധം: ഭർത്താവിനെ നുണപരിശോധയ്ക്ക് വിധേയനാക്കാൻ കോടതി അനുമതി.
ഇടുക്കി കട്ടപ്പനയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ ഭർത്താവ് ജോർജിനെ നുണപരിശോധയ്ക്ക് വിധേയനാക്കാൻ കോടതി അനുമതി നല്‍കി. ചിന്നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ജോര്‍ജ് നുണ പരിശോധയ്ക്ക് വിധേയനാകാൻ സന്നദ്ധനാണെന്ന് രേഖാമൂലം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണം മാറിയാലുടന്‍ ജോര്‍ജിന്റെ നുണ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.
അറുപതുകാരിയായ ചിന്നമ്മ കൊല്ലപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കേസിൽ ശാസ്ത്രീയ തെളിവുകളിലൂടെ പ്രതിയാരെന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല. ഇതോടെയാണ് സംശയനിഴലിലുള്ള ഭര്‍ത്താവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ജോർജിന്റെ അഭിപ്രായം രേഖപ്പെടുത്തി നുണ പരിശോധനയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും ലോക്ഡൗണില്‍ കുടുങ്ങി കോടതി നടപടി നീണ്ടു. ഒടുവില്‍ കേസ് പരിഗണിച്ച കോടതി കേസിന്റെ ആവശ്യാനുസരണം നുണ പരിശോധനയ്ക്ക് അനുമതി നല്‍കി. ലോക്ഡൗണ്‍ നിയന്ത്രണം മാറി തൃശൂര്‍ റീജണല്‍ ഫൊറന്‍സിക് ലാബ് പ്രവര്‍ത്തനം തുടങ്ങിയാന്‍ നുണ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏപ്രിൽ 8ന് പുലർച്ചെയാണ് വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ മുകളിലെ നിലയിലെ മുറിയിലാണ് ഉറങ്ങാൻ കിടന്നതെന്നും പുലർച്ചെ താഴെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നുമായിരുന്നു ജോർജിന്റെ മൊഴി. ചിന്നമ്മയുടെ 4 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ജോർജ് മൊഴി നൽകിയതിനാൽ മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന നിലയിൽ അന്വേഷണം നടന്നെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റുമോർട്ടത്തിലും കണ്ടെത്തി. പിടിവലി നടന്നതിന്റെയോ ആഭരണങ്ങൾ ബലമായി ഊരിയെടുത്തതിന്റെയോ ലക്ഷണങ്ങൾ ഇല്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിട്ടും പ്രയോജനം ഉണ്ടായില്ല.
വീടിനുള്ളിൽ നിന്ന് മണം പിടിച്ച പൊലീസ് നായ വീട്ടുപരിസരം വിട്ട് പുറത്തേക്ക് പോയില്ല. മോഷണത്തിനായി ആരെങ്കിലും അവിടെ എത്തിയോയെന്ന് കണ്ടെത്താനായി പരിസര മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇതെല്ലാമാണ് ജോർജിനെ പ്രതികൂട്ടിലാക്കുന്നത്. അന്വേഷണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലിനും രൂപം നൽകിയിട്ടുണ്ട്. ഇതിൽ ചിന്നമ്മയുടെ കുടുംബാംഗങ്ങൾ ഇല്ലാത്തതും പ്രതി ജോർജാണെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. നുണ പരിശോധന ഫലമായിരിക്കും കേസില്‍ ഇനി നിര്‍ണായക വഴിത്തിരിവാകുക.