‘അന്നപൂരണി’ മതവികാരം വ്രണപ്പെടുത്തുന്നു; നയൻതാരയ്ക്കെതിരെ വീണ്ടും കേസെടുത്തു


മുംബൈ: ‘അന്നപൂരണി’ എന്ന സിനിമ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചുള്ള പരാതിയിൽ നയൻതാരയ്ക്കും മറ്റ് ഏഴുപേർക്കുമെതിരെ വീണ്ടും കേസെടുത്തു. മീരാ-ഭയന്ദർ നിവാസിയായ 48 വയസ്സുകാരൻ നൽകിയ പരാതിയിലാണ് താനെ പൊലീസ് കേസെടുത്തത്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. സംവിധായകൻ നിലേഷ് കൃഷ്ണ, അഭിനേതാക്കളായ സത്യരാജ്, ജയ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നേരത്തെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് മുംബൈ പൊലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചിരുന്നു. ഡിസംബർ ഒന്നിനാണ് അന്നപൂരണി തിയേറ്ററുകളിൽ എത്തിയത്. കാര്യമായ ചലനമുണ്ടാക്കാതെ പോയ സിനിമ ഡിസംബർ 29നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.
ലോകം അറിയപ്പെടുന്ന ഷെഫ് ആകാന്‍ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ് അന്നപൂരണിയുടെ കഥ. എന്നാൽ ഒരു ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയുടെ മകൾ ആയതിനാൽ, നോൺ-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാന്‍ അന്നപൂരണി ഒരുപാട് വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടുന്നതും ചിത്രത്തിൽ പറയുന്നു. ഒരു പാചക മത്സരത്തിന് മുമ്പ് നായിക സ്കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക നമസ്കാരം നടത്തുന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.