‘പരാമർശം വളച്ചൊടിച്ചു; പാർട്ടിയിൽ നിന്നും അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല’; ബൃന്ദ കാരാട്ട്


ഓർമക്കുറിപ്പിലെ പരാമർശം വളച്ചൊടിച്ചെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മാധ്യമ വാർത്തയുടെ തലക്കെട്ട് അപലപനീയമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. പാർട്ടിയിൽ നിന്നും അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണെന്നും അവർ പറഞ്ഞു.
‘പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്ന നിലയിൽ അല്ല പാർട്ടി തന്നെ പരിഗണിച്ചിട്ടുള്ളത്. തലക്കെട്ട് തീർത്തും തെറ്റിദ്ധാരണ ജനകം. എഴുത്തുകാരി എന്ന നിലയിൽ ഖേദം. താൻ എഴുതാത്ത വാക്കുകൾ വാർത്തയുടെ തലക്കെട്ടാക്കിയ. സംഭവത്തെ അപലപിക്കുന്നു’ ബൃന്ദ കാരാട്ട് പറഞ്ഞു.
ഭാര്യയായി മാത്രം പരിഗണിച്ചെന്ന തലക്കെട്ട് വളച്ചൊടിച്ചെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ പുസ്തകം പുറത്തിറങ്ങുമെന്നും വാർത്ത നൽകിയ പത്രം മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിപിഐഎം അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്ന പാർട്ടിയാണ്. പുസ്തകം എഴുതുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്തിരുന്നു. പുസ്തകം എഴുതാൻ പാർട്ടിയിൽ മുൻ അനുമതിയുടെ ആവശ്യമില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
‘ആൻ എജ്യൂക്കേഷൻ ഫോർ റീത’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിലായിരുന്നു ബൃന്ദ കാരാട്ട് പാർട്ടിയെ വിമർശിച്ചെന്ന തരത്തിൽ വാർത്ത വന്നത്. ‘ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി’ എന്ന അധ്യായത്തിലാണ് പരാമർശം. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു.ലെഫ്റ്റ്വേർഡ് ബുക്‌സ് പുറത്തിറക്കുന്ന പുസ്തകത്തിൽ 1975 മുതൽ 85 വരെയുള്ള ജീവിതമാണ് വൃന്ദ ഓർത്തെടുക്കുന്നത്.