വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വ്യാജ ആയൂർവ്വേദ മരുന്നുകളുടെയും സൗന്ദര്യ വർധകവസ്തുക്കളുടെയും വിൽപന വ്യാപകം.


തേക്കടിയ്ക്കും മൂന്നാറിനുമിടയിലുള്ള മേഖലകളിലാണ് കൂണുപോലെ സ്പൈസസ് സ്ഥാപനങ്ങൾ മുളച്ചുപൊന്തിയിരിക്കുന്നത്. ഇതിന്റെ മറവിലാണ് വൻതോതിൽ വ്യാജമരുന്നുകൾ വിറ്റഴിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇത്തരത്തിൽ വ്യാജ ഉത്പന്നങ്ങളുടെ വ്യാപാരം കൊഴുക്കാൻ സാഹചര്യമൊരുക്കുന്നതെന്നാണ് ആക്ഷേപം.
മിക്ക സ്ഥാപനങ്ങളിലും നൂറു രൂപയിൽ താഴെ മാത്രം വിലവരുന്ന ആയുർവേദ ഉത്പന്നങ്ങൾക്ക് 600 മുതൽ 1000രൂപവരെയാണ് ഇടാക്കുന്നത്.ഇതിന് പുറമെ വേദന സംഹാരി കുഴമ്പുകൾ, വിവിധതരം ഷാംബു, ഫേസ് വാഷ് എന്നിവയും വിൽപ്പന നടത്തുന്നതെന്നാണ് വിവരം.വില, നിർമിച്ച തീയതി, ബാച്ച് നമ്പർ എന്നിവ പോലും രേഖപ്പെടുത്താതെയാണ് പലയിടത്തും വിൽപന.
മൂന്നാറിലും, തേക്കടിയിലും വിദേശ സഞ്ചാരികളെ ഉൾപ്പെടെ കബളിപ്പിച്ചാണ് വ്യാജ ആയുർവേദ മരുന്നുകളും സൗന്ദര്യ വർധക വസ്തുക്കളും വിറ്റഴിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് അയുർവ്വേദ മരുന്നുകൾ വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസും സ്ഥാപനങ്ങൾക്കില്ലെന്നും പറയപ്പെടുന്നു.