ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്, സത്യപ്രതിജ്‌ഞ 29ന്; ‘വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും’

തിരുവനന്തപുരം∙ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എല്ലാവരെയും ചടങ്ങിലേക്കു ക്ഷണിക്കുന്നതായും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുമുന്നണിയോഗത്തിനു ശേഷമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം.
” നിലവിലെ രണ്ടു മന്ത്രിമാർ രാജി സമർപ്പിച്ചു. മുന്നണി ധാരണയുടെ ഭാഗമായിട്ട് അവർ അവരുടെ ദൗത്യം നിർവഹിച്ചു. രണ്ടു മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്യാനുള്ള തീരുമാനങ്ങളും മുന്നണി കൈക്കൊണ്ടു. ബാക്കിയുള്ള നടപടികളെല്ലാം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും. ”- ഇ.പി.ജയരാജൻ പറഞ്ഞു.
നവകേരള സദസ്സ് ചരിത്രവിജയമായി മാറിയെന്നും മുഖ്യമന്ത്രി നടത്തിയ പ്രഭാത യോഗം വലിയ വിജയമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ഇതു മാതൃകയായി സ്വീകരിക്കുകയാണ്. മുഖ്യമന്ത്രി എല്ലാ മണ്ഡലങ്ങളിലും പ്രസംഗിച്ചു. പ്രഭാതയോഗത്തിലും മുഖ്യമന്ത്രിയാണ് സംസാരിച്ചത്. ഒരുദിവസം അഞ്ചുപൊതുയോഗങ്ങൾ എന്ന നിലയിൽ, 180 മണിക്കൂർ പ്രസംഗിച്ചു. മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും ഇടതുപക്ഷജനാധിപത്യ മുന്നണി സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്നു.