രാജാക്കാട് ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം

മലനാടിനെ ഉത്സവലഹരിയിലാക്കി രാജാക്കാട് ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം അഡ്വ എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി അധ്യക്ഷത വഹിച്ചു.
രാജാക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന ആവേശ കാഴ്ചകളുടെ പൂരത്തിനാണ് കൊടിയേറിയത്. പത്ത് നാൾ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന വിവിധ റൈഡുകളും കലാപരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റിനോട് അനുബന്ധിച്ച് ക്രിസ്തുജ്യോതി സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ഫെസ്റ്റ് ഗ്രൗണ്ടിൽ അവസാനിച്ചു.
ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മത-സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.