വ്യാപാരികളെ പീഡിപ്പിക്കാനുള്ള പഞ്ചായത്തുകളുടെ നീക്കം ചെറുക്കും
ഡിസംബർ 19ന് പഞ്ചായത്തുകളിലേക്ക് മാർച്ചും ധർണയും നടത്തും

മാലിന്യ സംസ്കരണത്തിനു വേണ്ടി പഞ്ചായത്തുകൾ സ്വീകരിക്കുന്ന നടപടികൾ സർവാത്മനാ സ്വാഗതം ചെയ്തുകൊണ്ട് സഹകരിക്കുന്ന സമീപനമാണ് വ്യാപാരികൾക്കുള്ളത്.
എന്നാൽ പഞ്ചായത്ത് പ്രദേശങ്ങളിലും നഗരസഭാ പരിധിയിലും ഉള്ള ടൗണുകളിൽ മാലിന്യനിർമാർജന ചുമതല നിർബന്ധിതമായി വ്യാപാരികളുടെ തലയിൽ കെട്ടി വെക്കുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്.
ടൗണുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യേണ്ട ചുമതല പഞ്ചായത്തുകൾക്ക് തന്നെയാണ്. അവ യഥാസമയം നീക്കം ചെയ്യുന്നതിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷണ നടപടികൾ പോലും പഞ്ചായത്ത് രാജ് നിയമത്തിൽ പറയുന്നുണ്ട്.
ഈ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനു വേണ്ടി സർക്കാർ ഓർഡിനൻസ് ഇറക്കിയിരിക്കുകയാണ്.
സ്ഥാപനങ്ങളിലും പരിസരപ്രദേശങ്ങളിലും എത്തിച്ചേരുന്ന ആരെങ്കിലും മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ അതിന്റെ ശിക്ഷ സ്ഥാപന ഉടമയ്ക്ക് ആയിരിക്കും എന്നാണ് ഓർഡിനൻസിൽ പറയുന്നത്.
ജൈവം, അജൈവം,അപകടകരം എന്നിങ്ങനെ തരംതിരിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് വേണ്ടി മൂന്നുതരം ബിന്നുകൾ കടയ്ക്ക് വെളിയിൽ പൊതുജനങ്ങൾക്ക് കാണത്തക്കവിധം വെക്കണം എന്നും അതിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ ചെയ്ത് യൂസർ ഫീ നൽകി സംസ്കരിക്കണം എന്നുമാണ് നിഷ്കർഷിച്ചിട്ടുള്ളത്. യൂസർ ഫീ നൽകുന്നതിൽ വീഴ്ച വന്നാലോ പൊതുജനങ്ങൾ മാലിന്യങ്ങൾ പരിസരത്തു നിക്ഷേപിച്ചാലോ 10000 മുതൽ 50000 രൂപ വരെ പിഴ ഈടാക്കാനുള്ള അധികാരംപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിരിക്കുകയാണ്.
പല ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കാര്യമായ മാലിന്യങ്ങൾ ഇല്ല എന്ന വസ്തുത ഏവർക്കും അറിയാം.പലയിടത്തും ജൈവമാലിന്യങ്ങളോ അപകടകരമായ മാലിന്യങ്ങളോ ഇല്ല. മൂന്ന് ബിന്നുകൾ വക്കാനും അവ നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സൗകര്യവും പല ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും ഇല്ല. എങ്കിലും എല്ലായിടത്തും മൂന്ന് ബിന്നുകൾ നിർബന്ധമാണത്രേ.
കെട്ടിട നികുതിയും, ലൈസൻസ് ഫീസുകളും ഉൾപ്പെടെ എല്ലാത്തരം നികുതികളും ഫീസുകളും പഞ്ചായത്തുകൾ വൻതോതിൽ വർദ്ധിപ്പിച്ചത് അടുത്ത കാലത്താണ്.
ഇവയെല്ലാം വ്യാപാരികളിൽ നിന്ന് പിരിക്കുന്നത് മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള പൊതു ആവശ്യങ്ങൾക്ക് വേണ്ടി തന്നെയാണ്. പല പഞ്ചായത്തുകളും ബസ്റ്റാൻഡുകളും പരിസരങ്ങളും പഞ്ചായത്ത് കക്കൂസുകളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യനിർമാർജനത്തിൽ പഞ്ചായത്ത്കൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ, പൊതുജനങ്ങളെ ഉപദ്രവിക്കുന്ന സ്ഥിതിയാണുള്ളത്.
നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം വ്യാപാരികളുടെ തലയിൽ കെട്ടിവയ്ക്കുന്നതിനും മാലിന്യനിർമാർജനത്തിൽ പിഴവ് വരുത്തിയാൽ ഉദ്യോഗസ്ഥന് ലഭിക്കേണ്ട ശിക്ഷ വ്യാപാരികൾക്ക് നൽകുന്നതിനും ഓർഡിനൻസർ ഇറക്കിയ സർക്കാർ നടപടി പിൻവലിക്കണം. സർക്കാർ പിഴ ചുമത്തുന്നതിന് വേണ്ടി മാത്രമായി നിയമം നിർമ്മിക്കുകയാണ്.
ഇതിനെതിരെ ഡിസംബർ 19ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി,മാർച്ചും ധർണയും നടത്തുയാണ്.
സ്വയം സംരംഭകരായി രംഗത്ത് വന്നിട്ടുള്ള ലക്ഷക്കണക്കിന് വ്യാപാരികളെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങളും ഉത്തരവുകളും പിൻവലിക്കുകയും ടൗണും പരിസരങ്ങളും ശുചിയായ സൂക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഈ സമരത്തിൽ വ്യാപാരി സമൂഹം ആവശ്യപ്പെടുന്നത്.
എല്ലാ വിഭാഗം ആളുകളുടെയും സഹകരണമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ തോമസ് ജനറൽ സെക്രട്ടറി കെ പി ഹസൻ ജില്ലാ വൈസ് പ്രസിഡണ്ട് സിബി കൊല്ലം സെക്രട്ടറി പി കെ ജോഷി എന്നിവർ പങ്കെടുത്തു.