എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാർ ഓർക്കണം; മുന്നറിയിപ്പുമായി കെ.സി വേണുഗോപാൽ

മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുകയാണെന്നും ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതി ?. തല്ലുന്നതിന് പൊലീസ് കാവൽ നിൽക്കുകയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ യാത്ര ചങ്ങലക്ക് ഭ്രാന്ത് പിടിച്ചത് പോലെയാണ്. എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാർ ഓർക്കണമെന്നും വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തല്ലിയൊതുക്കാൻ ശ്രമിക്കേണ്ടെന്നും ക്രുരമായ മർദനം ഉണ്ടായിട്ടും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ പ്രതികരിച്ചു.
ഇനിയും ക്രൂര മർദനം തുടരാൻ ആണെങ്കിൽ നിയമപരമായി സാധ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും രാഹുൽ വ്യക്തമാക്കി. നവ കേരള സദസിനെ നരാധമ സദസെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വിശേഷിപ്പിച്ചത്. ആലപ്പുഴയിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സുരക്ഷ ഉദ്യോഗസ്ഥരും ക്രൂരമായി മർദിച്ചിരുന്നു.
പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് മർദ്ദനമേറ്റത്.









































































