പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും


പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ. പ്രവർത്തകരും ഇറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ തീരുമാനമായിരുന്നു.