പഴയ ആലുവ – മൂന്നാര്‍ റോഡിലെ മാലിന്യം നീക്കംചെയ്യണമെന്ന്
അടിമാലി: ഓള്‍ഡ് ആലുവ – മൂന്നാര്‍ പിഡബ്ല്യുഡി റോഡിലെ (രാജപാത) യാത്ര തടസപ്പെടുത്തുന്ന രീതിയില്‍ കല്ലാര്‍ ടീ എസ്റ്റേറ്റിനു സമീപം നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നാര്‍ ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ പ്ലാന്‍റിന്‍റെ ഭാഗമായി പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പാത മാലിന്യം നിക്ഷേപിച്ച് അടച്ചിരിക്കുന്നതെന്നു ഓള്‍ഡ് ആലുവ – മൂന്നാര്‍ പിഡബ്ല്യുഡി റോഡ് ആക്ഷൻ കൗണ്‍സില്‍ ആരോപിച്ചു.
മുന്നാര്‍ നല്ലതണ്ണി പാലത്തിനു സമീപത്ത് നിന്നും ആരംഭിച്ച് കല്ലാര്‍ ടീ എസ്റ്റേറ്റ് വഴി അന്പതാം മൈല്‍ – കരിന്തിരി – അന്തോണിപൂരം – സിങ്കുകുടി – ചിക്കണം കുടി – പെരുമ്ബൻ കുത്ത് വഴിയാണ് കോതമംഗലം ഭാഗത്തേയ്ക്ക് റോഡ് എത്തുന്നത്. കല്ലാര്‍ ടീ എസ്റ്റേറ്റിന് സമീപത്താണു മൂന്നാര്‍ ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ പ്ലാന്‍റ്. പ്ലാന്‍റില്‍ നിന്നുള്ള അസംസ്കൃത മാലിന്യങ്ങള്‍ കുന്നുകൂടി ഓള്‍ഡ് രാജപാതയില്‍ മാലിന്യമലയ്ക്കു സമാനമായ സ്ഥിതിയാണെന്ന് ആക്ഷൻ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നതിനാല്‍ ഇതുവഴി സഞ്ചരിക്കുന്നവര്‍ക്ക് യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് കല്ലാര്‍ ടീ എസ്റ്റേറ്റ് ചുറ്റി രാജപാതയില്‍ എത്തേണ്ട സ്ഥിതിയുണ്ട്. മാലിന്യ പ്ലാന്റില്‍ നിന്നും ഒഴുകുന്ന വെള്ളം കരിന്തിരിയാറില്‍ ഒഴുകിയെത്തുന്നത് മൂലം സമീപത്തെ മാങ്കുളം അടക്കമുള്ള പഞ്ചായത്തുകളിലെ ജനങ്ങളും ബുദ്ധിമുട്ടുന്നുണ്ട്.
രാജപാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കുട്ടമ്ബുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിയും മാങ്കുളം പഞ്ചായത്ത് ഗ്രാമവികസന സമിതിയും സംയുക്തമായി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്ള അഭിഭാഷക കമ്മീഷൻ വരും ദിവസങ്ങളില്‍ രാജപാത സന്ദര്‍ശിച്ച് തെളിവ് ശേഖരിക്കും.
ഇതിനു മുന്പായി പാതയിലെ മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്ത് ഓള്‍ഡ് രാജപാത റോഡ് പൂര്‍വസ്ഥിതിയിലാക്കണമെന്നും ആക്ഷൻ കൗണ്‍സില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് ഷാജി പയ്യാനിക്കല്‍ അധ്യക്ഷത വഹിച്ചു. മാത്യൂ ജോസ്, ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, റോബിൻ ഫിലിപ്പ്, പോള്‍ വെള്ളിലാങ്കല്‍, ഷെറിൻ ജോസഫ്, വി.ജെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.