ഇടുക്കി ജില്ല ആസ്ഥാനത്ത് വൈറല്‍ പനി പടരുന്നു
ചെറുതോണി: ജില്ല ആസ്ഥാന മേഖലയില്‍ വൈറല്‍ പനി പടരുന്നു. ദിനംപ്രതി നൂറു കണക്കിന് പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നത്.
മേഖലയില്‍ ചില സ്ഥലങ്ങളില്‍ ഡെങ്കിപ്പനിയും വ്യാപകമായതായാണ് സൂചന. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ശക്തമായ ജാഗ്രത നിര്‍ദേശം നല്‍കുമ്ബോഴും സര്‍ക്കാര്‍ മേഖല നിര്‍ജീവമാണ്. ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാനോ മുൻ കരുതലിന് പ്രാരംഭം കുറിക്കാനോ പോലും സര്‍ക്കാര്‍ മേഖല തയാറാവാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു.
വാഴത്തോപ്പ്, തടിയംപാട്, കുതിരക്കല്ല്, വിമലഗിരി, മരിയാപുരം, മുളക് വള്ളി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പനി ബാധിതര്‍ കൂടുതല്‍. ചെറിയ ക്ലിനിക്കുകളില്‍ പോലും ദിനംപ്രതി 50ല്‍ അധികം പേര്‍ പനിയും ശരീര വേദനയും ബാധിച്ച് എത്തുന്നുണ്ട്. കടുത്ത ശരീര വേദനയും ചെറിയ പനിയുമാണ് പ്രധാന ലക്ഷണം. തൊണ്ടവേദനയും കഫക്കെട്ടും ഒപ്പമുണ്ടാകും. ഒരു രോഗിയില്‍ നിന്ന് നിരവധി പേരിലേക്ക് വൈറല്‍പ്പനി പടരാൻ സാധ്യത ഏറെയാണ്. ഇതുകൊണ്ട് തന്നെ ഉറവിടം സ്ഥിരീകരിച്ച് മുൻ കരുതല്‍ നടപടി സ്വീകരിക്കേണ്ട അടിയന്തിര സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.