മുവാറ്റുപുഴ – കോതമംഗലം ബൈപ്പാസുകൾ ഈ സാമ്പത്തിക വർഷം തന്നെ പണി ആരംഭിക്കാൻ സാധിക്കും – ഡീൻ കുര്യാക്കോസ് എം.പി
മൂവാറ്റുപുഴ: 34 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ടാണ് മുവാറ്റുപുഴ, കോതമംഗലം എൻ.എച്ച്. ബൈപ്പാസ് പ്രൊജക്ട്കൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. പദ്ധതിയുടെ 3A (3എ) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കപ്പെട്ടിരിക്കുന്നതിനാൽ ഇനി പദ്ധതിയുടെ മദ്ധ്യഭാഗം മാർക്ക് ചെയ്ത് 30 മീറ്റർ വീതിയിൽ അതിർത്തി തിരിച്ച് കല്ലിടുന്ന പ്രവർത്തിയാണ് തുടർന്ന് നടത്തുവാനുള്ളത്. ഇതിനെതുടർന്ന് പരാതികൾ പരിഹരിച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്ന ഘട്ടത്തിലെത്തും. 3D (3ഡി) നോട്ടിഫിക്കേഷന് ശേഷമാണ് അർഹമായ നഷ്ടപരിഹാരതുക നൽകുന്ന പ്രക്രിയയിലേക്ക് കടക്കുന്നത്.
3 അലൈൻമെന്റുകളാണ് രണ്ടു ബൈപ്പാസുകൾക്കായി കേന്ദ്ര ദേശിയ പാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.) പരിഗണിച്ചത്. 1. പൂർണമായും പഴയത്. 2 പഴയതും പുതിയതും കൂട്ടി ചേർത്ത് തയ്യാറക്കിയത്. 3. പൂർണമായും പുതിയ അലൈൻമെൻറ്. ഇവയിൽ പുതിയതും, പഴയതുമായി കൂട്ടിചേർത്ത രണ്ടാമത്തെ അലൈൻമെൻറ് പ്രൊപ്പോസലിനാണ് അവസാനം അംഗീകാരം നൽകിയിരിക്കുന്നത്.
എം.പി എന്ന നിലയിൽ പൂർണമായും പഴയ അലൈൻമെന്റിനാണ് ശുപാർശ നൽകിയതെങ്കിലും, സങ്കേതിക തികവ് പരിഗണിക്കുന്നതിന്റെ ഭാഗമായി ചില മേഖലയിൽ അലൈൻമെന്റ് വ്യത്യാസം വന്നിട്ടുള്ളതായി അധികൃതർ അറിയിച്ചതായി എം.പി പറഞ്ഞു.
ഇത്തരുണത്തിൽ പൂർണമായും ഭൂമി ഏറ്റെടുക്കൽ തുക കേന്ദ്ര സർക്കാരാണ് നൽകുന്നത്. ദേശീയപാതാ നിർമ്മാണത്തിൻറെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് പരമാവധി താമസ സ്ഥലങ്ങളും, ആരാധനാലയങ്ങളും, പൊതു സ്ഥാപനങ്ങളും ഒഴിവാക്കി വേണം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കേണ്ടത്. ആയതിനാൽ അലൈമെൻറ് തയ്യാറാക്കിയതിൽ പരമാവധി കെട്ടിടങ്ങളെ ഒഴിവാക്കുന്നതിന് മുഖ്യ പരിഗണന നൽകിയിട്ടുള്ളതായി എം.പി. പറഞ്ഞു.
നാടിന്റെ വികസനത്തിന് ഗതിവേഗം വർദ്ധിപ്പിക്കുന്ന പദ്ധതി ഏവരുടെയും കൂട്ടായ പരിശ്രമത്തിലാണ് പൂർത്തീകരിക്കപ്പെടുകയുള്ളൂവെന്നും, അതിനാൽ ഏല്ലാവരുടെയും ഒത്തൊരുമിച്ചുള്ള സഹകരണവും പിന്തുണയും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.