നവകേരള സദസ്: വിജയക്കൊടി പാറിച്ച് ജില്ലയില്‍ സമാപനം
മൂന്നു ദിവസം , അഞ്ച് മണ്ഡലങ്ങള്‍, മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും. ചരിത്രത്താളുകളില്‍ പുതിയ നേട്ടം രചിച്ച് ജില്ലയില്‍ നടന്ന നവകേരള സദസ്സിന് പ്രൗഢഗംഭീരമായ സമാപനം. സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുജന സമക്ഷം അക്കമിട്ട് പറഞ്ഞു സംസ്ഥാനമന്ത്രിസഭ . തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് മണ്ഡലങ്ങളില്‍ നടന്ന നവകേരള സദസ് ജനസാഗരം ഒരേ മനസ്സോടെ ഇരുകൈയും നീട്ടീ സ്വീകരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷം സംസ്ഥാനത്തും ജില്ലയിലും വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ഓരോ മന്ത്രിമാരും മണ്ഡലങ്ങളില്‍ സദസ്സുമായി പങ്കുവെച്ചു. തൊടുപുഴയില്‍ നിന്ന് തുടങ്ങി പീരുമേട് മണ്ഡലത്തിലെ വണ്ടിപെരിയാര്‍ പഞ്ചായത്ത് മൈതാനത്ത് സമാപനം കുറിച്ചപ്പോള്‍ ജില്ലയുടെ വികസനപാതയില്‍ നവകേരള സദസ് പുതിയ ഏട് സൃഷ്ടിക്കുകയായിരുന്നു. ഓരോ സദസ്സും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകാര്‍ഷിച്ചു. അമ്പതിനായിരത്തിലേറെ ജനങ്ങളാണ് ജില്ലയിലെ സദസുകളില്‍ പങ്കെടുത്തത്.