ബസ് മാത്രമല്ല, ഈ ഡ്രൈവര്‍മാരും സൂപ്പറാ
നവകേരളസദസ് യാത്രയില്‍ സൂപ്പര്‍ താരമായി നവകേരളബസ് ഡ്രൈവര്‍മാര്‍. കാസര്‍കോട് നിന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കയറ്റി യാത്ര തുടങ്ങിയ ബസ് ഇടുക്കിയുടെ ചുരം ഇറങ്ങുമ്പോള്‍ ജനപങ്കാളിത്തം കണ്ടു ഞെട്ടി ഇരിക്കുകയാണിവര്‍. മുഖ്യമന്ത്രിയെ കാണാന്‍ എത്തുന്നവര്‍ കൗതുകത്തോടെ ബസിനെയും വീക്ഷിക്കുന്നുണ്ട്. ഓരോ സദസിലും സെല്‍ഫി പോയിന്റായാണ് ബസ് മാറുന്നത്. ബസ് വരുന്നത് മുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടാറുണ്ട്. രാത്രി വൈകിയും വഴിയോരങ്ങളില്‍ മുഖ്യമന്ത്രിയെ കാണാന്‍ കാത്തുനില്‍ക്കുന്നവരെ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് തിരുവനന്തപുരം സ്വദേശിയായ പ്രവീണ്‍ കുമാര്‍ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുമായി ബസിനുള്ളില്‍ സൗഹൃദാന്തരീക്ഷമാണുള്ളത്. ഞങ്ങളോട് ബസില്‍ കയറിയാല്‍ ഉടനെ തന്നെ ഭക്ഷണം എങ്ങനെ ഉണ്ടായിരുന്നുവെന്നും താമസം നല്ലതായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിക്കും. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന മന്ത്രിസഭാ ഞങ്ങള്‍ക്കും വേറിട്ടൊരു അനുഭവമാണ്. ഇവരൊടൊപ്പമുള്ള യാത്ര ജീവിതത്തിലെ മറക്കാനാവാത്ത ഒന്നാണെന്നും പ്രവീണ്‍ പറഞ്ഞു.
റോഡെല്ലാം അടിപൊളിയാണ്. ബസ് ഓടിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. സാധാരണ ബസ് ഓടിക്കുന്ന പോലെ തന്നെയാണിതെന്നും കൂടെയുള്ള ഡ്രൈവര്‍മാരായ തിരുവനന്തപുരം സ്വദേശി ജി.എസ്.അഭിലാഷ്, കോട്ടയം സ്വദേശി കെ.എച്ച്.ഷനോജ്, കണ്ണൂര്‍ സ്വദേശി വി.ശ്രീജേഷ് എന്നിവരും പറയുന്നു. വോള്‍വോ, സ്‌കാനിയ ദീര്‍ഘദൂര ബസുകള്‍ ഓടിച്ചു പരിചയമുള്ള ഇവരെല്ലാം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരാണ്.
ചിത്രം : നവകേരളബസിനൊപ്പം ആളുകള്‍ സെല്‍ഫി എടുക്കുന്നു..