വാക്ക് പാലിക്കുന്ന സര്‍ക്കാരാണെന്നതിന്റെ തെളിവാണ് ഭൂപതിവ് ചട്ട ഭേദഗതി: എംബി രാജേഷ്

ജനങ്ങള്‍ക്ക് നല്‍കുന്ന വാക്ക് പാലിക്കാനുള്ളതാണ് എന്ന് തെളിയിച്ച സര്‍ക്കാറാണിതെന്ന് തദ്ധേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഭൂപതിവ് ചട്ടഭേദഗതി തന്നെയാണതിനുള്ള ഏറ്റവും വലിയ തെളിവെന്ന് മന്ത്രി പറഞ്ഞു. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ദേവികുളം മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2021 ല്‍ നല്‍കിയ പ്രകടനപത്രികയിലെ 380 ാമത്തെ വാഗ്ദാനമായിരുന്നു ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുമെന്നത്. സര്‍ക്കാര്‍ രണ്ട് വര്‍ഷവും നാല് മാസവും പൂര്‍ത്തിയായ സെപ്റ്റംബര്‍ 14 ന് ഭൂപതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. വര്‍ഷങ്ങളായി കഴിയുന്ന ഭൂമിയില്‍ സാധാരണക്കാര്‍ക്ക് അധികാര അവകാശം ലഭിക്കാനാണ് സര്‍ക്കാര്‍ ഇതുവഴി ഫലപ്രദമായ നടപടിയെടുത്തത്. പക്ഷേ ഈ ബില്ലും ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുകയാണെന്നും അധിക കാലം അദ്ദേഹത്തിന് പിടിച്ചു വെക്കാനാവിലെന്നും മന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ 2017 ല്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് പദ്ധതി പ്രകാരം ഇതുവരെ 3,56108 വീടുകളാണ് പൂര്‍ത്തിയാക്കി കൈമാറിയത്. 4,82622 വീടുകള്‍ക്കാണ് അനുമതി നല്‍കിയത്. 1,25000 വീടുകളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. വീട് വെ ക്കാന്‍ ഇന്ത്യയില്‍ ഏറ്റവുമധികം പണം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭവനരഹിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വെറും 72,000 രൂപ നല്‍കുമ്പോള്‍ കേരളത്തില്‍ നല്‍കുന്നത് 4 ലക്ഷം രൂപയാണ്. ആദിവാസി മേഖലയില്‍ ആറ് ലക്ഷവും നാം നല്‍കുന്നുണ്ട്. 16000 കോടി രൂപയിലധികമാണ് നാം ലൈഫ് പദ്ധതിക്കായി ചെലവഴിച്ചത്. ഇനി ആറ് ലക്ഷം പേര്‍ക്ക് കൂടി വീട് നല്‍കാനുണ്ട്. ഇവര്‍ക്കെല്ലാം എത്രയും വേഗം വീട് നല്‍കണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അര്‍ഹതപ്പെട്ട വിഹിതം പോലും നല്‍കാതെ തടസ്സം ഉണ്ടാക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ നമുക്ക് വെട്ടിക്കുറച്ച നികുതി വിഹിതമായ 57,400 കോടി ലഭിച്ചിരുന്നെങ്കില്‍ അതിന്റെ പകുതി കൊണ്ട് നമുക്ക് ഒറ്റ വര്‍ഷം കൊണ്ട് ഇവര്‍ക്കെല്ലാം വീട് നല്‍കാമായിരുന്നു. നമുക്ക് അവകാശപ്പെട്ട നികുതി വിഹിതം വെട്ടിക്കുറക്കുന്നത് കൂടാതെ നമ്മുടെ വായ്പ പരിധിയും വെട്ടിക്കുറച്ചിരിക്കുകയാണ്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കാനോ വികസന പ്രവര്‍ത്തനം നടത്താനേ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. തമിഴ് ഭാഷ സംസാരിക്കുന്നവര്‍ ഏറെയുള്ള മണ്ഡലത്തില്‍ നിന്ന് നവകേരള സദസ്സിനെത്തിയ ജനങ്ങളെ തമിഴില്‍ സ്വാഗതം ചെയ്തു കൊണ്ടാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്.