ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി; തമിഴ്നാട് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചെന്നൈ: പത്ത് ബില്ലുകള്‍ തടഞ്ഞ് വെച്ചശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. സുപ്രീം കോടതി ഉന്നയിച്ച വിമർശനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകൻ ഇന്ന് വിശദീകരണം നൽകിയേക്കും.
നേരത്തെ ബില്ലുകള്‍ പിടിച്ചുവെച്ച ശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്ന് സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. നിയമസഭ ബില്‍ രണ്ടാമതും സഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം. തടഞ്ഞുവയ്ക്കാനോ രാഷ്ട്രപതിക്ക് അയയ്ക്കാനോ കഴിയില്ല. ഗവര്‍ണര്‍ തന്നെ പ്രശ്‌നം പരിഹരിക്കണം. ഗവര്‍ണര്‍ക്ക് മുന്നില്‍ നാലാമത്തെ സാധ്യതയില്ല. തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാഷ്ട്രപതി. രാഷ്ട്രപതിക്ക് വിശാല അധികാരങ്ങളുണ്ടെന്ന് കോടതി പറഞ്ഞിരുന്നു.ബില്ലുകള്‍ തടഞ്ഞുവയ്ക്കാനുള്ള സ്വതന്ത്ര അധികാരമുണ്ടെന്നാണോ ഗവര്‍ണ്ണര്‍ കരുതുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചാല്‍ അതാണ് ഏറ്റവും ഉചിതം. ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട വിഷയം പഞ്ചാബ് കേസിലില്ല. തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാഷ്ട്രപതി. രാഷ്ട്രപതിക്ക് വിശാല അധികാരങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ടയാളല്ല ഗവര്‍ണ്ണര്‍. കേന്ദ്ര സര്‍ക്കാരിന്റെ നോമിനി മാത്രമാണ് ഗവര്‍ണ്ണറെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം.