കഥകളിയിൽ മാറ്റുരച്ചത് ആകെ രണ്ട് പേർ
കട്ടപ്പന: കലോത്സവത്തിലെ പ്രധാന മത്സര ഇനങ്ങളിൽ ഒന്നായ കഥകളിയിൽ പങ്കെടുക്കാൻ ആകെ ഉണ്ടായിരുന്നത് രണ്ട് പേർ. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആൺ- പെൺ തിരിച്ച് നാല് മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ എച്ച്.എസ്.എസിൽ നിന്ന് ഒരു പെൺകുട്ടിയും എച്ച്.എസിൽ നിന്ന് ഒരു ആൺകുട്ടിയും മാത്രമാണ് മത്സരിച്ചത്. കഥകളി വേദിയിൽ എത്തിക്കാൻ വേണ്ടി വരുന്ന ഭീമമായ ചെലവാണ് ആഗ്രഹമുണ്ടായിട്ടും ഭൂരിപക്ഷം കുട്ടികളും പിൻവാങ്ങാൻ കാരണം.
ചെണ്ട, മദ്ദളം, രണ്ട് ഗായകർ, ചുട്ടി, മുഖത്തെഴുത്ത്, ഉടുത്തുകെട്ട് എന്നിവയ്ക്കെല്ലാം കൂടി ഗുരുവടക്കം എട്ടോളം പേര് വേണം. ഇവരുടെ കൂലിയും
ചമയത്തിനും വേഷവിധാനങ്ങൾക്കും മറ്റും വരുന്ന ചെലവും ചേർത്ത് ഒരു കഥകളി മത്സരാർത്ഥിയെ വേദിയിലെത്തിക്കാൻ ഒരു ലക്ഷം രൂപയോളം ചെലവ് വരും. സംസ്ഥാന തലത്തിലെത്തുമ്പോൾ തുക വീണ്ടും കൂടും. ഹയർസെക്കൻഡറി വിഭാഗത്തിൽ കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അഖില എൻ. ആനന്ദാണ് ഒന്നാം സ്ഥാനം നേടിയത്.