ഡോ.ആര്‍ ബിന്ദു രാജിവയ്ക്കണം; വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വസതിയിലേക്കാണ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷ യുവജന സംഘടനകള്‍.കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടി. വി സി സ്ഥാനത്ത് ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാനാകില്ല. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുചിതമായി ഇടപെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാണ്. ഗവര്‍ണര്‍ ബാഹ്യ ശക്തിക്ക് വഴങ്ങിക്കൊണ്ടാണ് നിയമനം നടത്തിയതെന്ന് പറഞ്ഞ കോടതി, ഹൈക്കോടതി വിധിയെയും വിമര്‍ശിച്ചു.
കോടതി വിധി അംഗീകരിക്കുന്നുവെന്നായിരുന്നു മന്ത്രി ഡോ ബിന്ദുവിന്റെ പ്രതികരണം. സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തത്. വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ആര്‍ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമൊന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആര്‍ ബിന്ദു നിയമലംഘനം നടത്തി. സുപ്രിം കോടതി പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവര്‍ണറും ഗവണ്‍മെന്റും തമ്മില്‍ തര്‍ക്കമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.