അബിഗേൽ ആശുപത്രി വിട്ടു, ഇനി വീട്ടിലേക്ക്; ആരോഗ്യനില പൂർണ്ണ തൃപ്തികരം
കൊല്ലം: ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജി ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകും. കുട്ടിയുടെ ആരോഗ്യനില പൂർണ്ണ തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
പരിശോധനകളും കൗൺസിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. എന്നാൽ പൊലീസ് മൊഴിയെടുക്കുന്നത് ഉൾപ്പെടെ തുടർന്നതിനാലാണ് ഇന്നലെ ഡിസ്ചാർജ് ചെയ്യാതിരുന്നത്. വീട്ടിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും തിരക്കുണ്ടാകും. ആ തിരക്കിനിടയിൽ കുട്ടിയോട് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. വീട്ടിൽ പോകണമെന്ന് അബിഗേലും നിർബന്ധം പിടിച്ചിരുന്നു. കുഞ്ഞ് ആരോഗ്യവതിയാണ്. മാനസിക സമ്മർദ്ദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗൺസിലിംഗിന് ശേഷം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
അതേസമയം പൊലീസ് അന്വേഷണം രേഖാചിത്രത്തിനപ്പുറം നീങ്ങിയിട്ടില്ല. മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളുടെ പ്രാഥമിക വിവരങ്ങൾ പോലും ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
നവംബർ 27-നാണ് കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസ്സുകാരി അബിഗേലിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും മോചനദ്രവ്യമായി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് ഫോൺ കോൾ വന്നു. പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. 21 മണിക്കൂർ നീണ്ട തിരച്ചിലുകൾക്കൊടുവിൽ കുഞ്ഞിനെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.