എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് ഇടുക്കി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍;കാലാവധി ഓഗസ്റ്റില്‍ അവസാനിക്കും
കട്ടപ്പന: കാലാവധി അവസാനിക്കാറായിട്ടും എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് ഇടുക്കി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കാതെ നിരവധി ഉദ്യോഗാര്‍ഥികള്‍.
നോട്ടിഫിക്കേഷന്‍ വന്ന് ഒമ്പതര വര്‍ഷം കഴിയുമ്പോഴാണ് ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തിന് തടസമായി നിയമനം മുടങ്ങുന്നത്. എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 660-201ല്‍ 2012ലാണ് പി.എസ്.സി. നോട്ടിഫിക്കേഷന്‍ വിളിച്ചത്. തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ഒക്റ്റോബറിലായിരുന്നു പരീക്ഷ. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2018 ഓഗസ്റ്റ് 17നാണ്.
മെയിന്‍ ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി നൂറോളം പേരാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ 12 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയും സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയും ചെയ്തതോടെ അധ്യാപക നിയമനം നീണ്ടു പോകുകയാണ്. ഇങ്ങനെ വന്നാല്‍ റാങ്ക് ലിസ്റ്റില്‍ ശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള തൊഴില്‍ അവസരം നഷ്ടമാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി ഓഗസ്റ്റ് 17ന് അവസാനിക്കും. അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും അധ്യാപക നിയമനം നടത്താത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്.
ഇടുക്കിയില്‍ ഇതേ വിഭാഗത്തില്‍ നിലവില്‍16 ഒഴിവുകള്‍ ഉണ്ടെങ്കിലും ഇവ നികത്താന്‍ തയാറാകുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലയില്‍ 90ശതമാനത്തിലധികം വിദ്യാലയങ്ങളിലും സോഷ്യല്‍ സയന്‍സിന് ഒരു അധ്യാപക തസ്തിക മാത്രമേ നിലവിലുള്ളൂ . എന്നാല്‍ ജില്ലയിലെ 25ശതമാനത്തിലധികം വിദ്യാലയങ്ങളിലും സോഷ്യല്‍ സയന്‍സ് അധ്യാപകനില്ലാത്ത അവസ്ഥയാണ്. ഇത് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എന്ന ഭരണ ഘടന ഉറപ്പുനല്‍കുന്ന വിദ്യാഭ്യാസ അവകാശനിയത്തിനെതിരാണ്.
ഏറ്റവുമധികം എസ്.ടി. വിഭാഗക്കാരുള്ള ഇടുക്കി ജില്ലയില്‍ ഈ ലിസ്റ്റിലുള്ള എസ്.ടി. വിഭാഗവും ജോലി ലഭിക്കാതെ തുടരുകയാണ്.
എസ്.ടി വിഭാഗത്തിന് ഒരു നിയമനം പോലും ലഭിച്ചിട്ടില്ല. ഏറെ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കഴിയുന്ന നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി പി.എസ്.സി പരീക്ഷ എഴുതാനും സാധിക്കില്ലാത്ത അവസ്ഥയാണ്. നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി രണ്ടര മാസത്തിനകം തീരുന്നതിനാല്‍ ഉദ്യോഗാര്‍ഥികളുടെ ഗവണ്‍മെന്റ് ജോലി എന്ന പ്രതീക്ഷ അസ്തമിക്കുമെന്ന ഭീതിയിലാണ്.
ഇതേ സമയത്ത് നോട്ടിഫിക്കേഷന്‍ വന്ന് മറ്റു പല റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് ലിസ്റ്റിന് ഈ ആനുകൂല്യംവും ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യങ്ങളും ഇടുക്കി ജില്ലയുടെ സാമ്പത്തിക സാമൂഹിക സാങ്കേതികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്തുകൊണ്ട് റാങ്ക് ലിസ്റ്റിന് കോവിഡിന്റെ ഫലമായി നഷ്ടമായ കാലഘട്ടത്തിന് തുല്ല്യമായ കാലയളവ് നീട്ടി നല്‍കുവാനുള്ള നടപടികള്‍ കൈക്കൊള്ളമെന്ന ആവശ്യമാണ് ഉയരുന്നത്.