നിയമലംഘനത്തിന് ഇനി “വലിയ വില “കൊടുക്കേണ്ടി വരും
*ജില്ലയില്‍ പരിശോധന ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
*നിയമലംഘനങ്ങളുടെ ഫോട്ടോ,വീഡിയോ [email protected] ലേക്ക് അയക്കാം
ശുചിത്വ,മാലിന്യ സംസ്‌കരണ മേഖലകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പരിശോധന ശക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളാണ് സ്‌ക്വാഡ് സ്വീകരിച്ചത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വിവിധ ഹോട്ടലുകള്‍, റസ്റോറന്റുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയയിടങ്ങളിൽ നിയമലംഘനം കണ്ടെത്തി 1,70,000 രൂപയോളം പിഴ ചുമത്തി. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നും മലിനജലവും ജൈവമാലിന്യങ്ങളും നേരിട്ട് പൊതു ഓടയിലേക്ക് ഒഴുക്കുകയാണ്. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ ഹോട്ടലുകള്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലക്കോട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂളുകളില്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടെത്തി. സ്‌കൂളുകള്‍ക്ക് 10,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ ‘ജീവമാതാ’ ആശുപത്രിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിക്ക് 10,000 രൂപ പിഴ ചുമത്തി. ടൗണില്‍ പ്രവര്‍ത്തിക്കുന്ന കവിത, എയ്ഞ്ചേല്‍ എന്നീ കേറ്ററിംഗ് സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും 10,000 രൂപ വീതം പിഴ ചുമത്തി. സെന്‍ട്രല്‍ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്‍തോതില്‍ ഇന്‍സിനെറേറ്ററില്‍ കത്തിച്ച് സമീപ പ്രദേശങ്ങളില്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ചതിന് പ്രദേശവാസിക്ക് 25,000 രൂപ പിഴ
ചുമത്തി. വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ ‘അര്‍ച്ചന’ ആശുപത്രിയില്‍ ദ്രവമാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താത്തതിനും ആശുപത്രിയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വന്‍തോതില്‍ കൂട്ടിയിട്ട് കത്തിച്ചതിനും 50,000 രൂപയും കൂടാതെ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളില്‍ കണ്ടെത്തിയ നിയമ ലംഘനങ്ങള്‍ക്ക് 10,000 രൂപ വീതവും പിഴയിട്ടു.
വ്യാപാരസ്ഥാപനങ്ങള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യ -മാംസവ്യാപാരികള്‍, വിനോദയാത്ര സംഘങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിങ്ങനെ ശുചിത്വമാലിന്യ സംസ്‌കരണമേഖലയില്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് ഡിസ്പോസബിള്‍ വസ്തുക്കളുടെ സംഭരണം, വിപണനം, ഉപയോഗം, പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം, ജലാശയങ്ങളിലേക്കും മറ്റും മാലിന്യങ്ങള്‍ വലിച്ചെറിയല്‍, മലിനജലകുഴലുകളും മറ്റും പൊതു ഇടങ്ങളിലേക്കും ജലാശയങ്ങളിലേക്കും തുറന്നു വയ്ക്കല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിക്കല്‍ തുടങ്ങി എല്ലാത്തരം നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്തും. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ,വീഡിയോ സഹിതം [email protected] എന്ന മെയിലിലേക്ക് റിപ്പോര്‍ട്ട് ചെയ്യാം.