‘റോബിന്‍ ബസിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കരുത്’; കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി
ന്യൂഡല്‍ഹി: റോബിന്‍ ബസിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി. തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് രണ്ട് സംസ്ഥാനങ്ങളും അറിയിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം, തമിഴ്‌നാട് ആര്‍ടിഒയുടെ കസ്റ്റഡിയില്‍ ആയിരുന്ന റോബിന്‍ ബസ് പുറത്തിറങ്ങി. പെര്‍മിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്‍ടിഒ ബസ് പിടിച്ചെടുത്തത്. പെര്‍മിറ്റില്‍ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുനല്‍കിയത്. ഇന്ന് വൈകീട്ട് മുതല്‍ സര്‍വീസ് പുന:രാരംഭിക്കുമെന്ന് ബസ് ഉടമ അറിയിച്ചു. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന റോബിന്‍ ബസിനെ തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് ലംഘിച്ചു എന്ന് കാണിച്ചാണ് കോയമ്പത്തൂര്‍ വെസ്റ്റ് ആര്‍ടിഒ ബസ് പിടിച്ചെടുത്തത്. കേരള സര്‍ക്കാര്‍ മാനം കാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഉപയോഗിച്ചുവെന്ന് ബസ് ഉടമ ആരോപിച്ചിരുന്നു.കെഎസ്ആര്‍ടിസിക്ക് വേണ്ടിയാണ് തന്നെ വേട്ടയാടുന്നത്. എഐപി നിയമപ്രകാരം മാത്രമേ ബസ് സര്‍വീസ് നടത്തിയിട്ടുള്ളുവെന്നും ബസ് ഉടമ ഗിരീഷ് പറഞ്ഞിരുന്നു. നേരത്തെ തൊടുപുഴ കരിങ്കുന്നത്ത് വെച്ചും ബസിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.