ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതുമ്പോഴാണ് നല്ല പുസ്തകങ്ങള്‍ പിറവിയെടുക്കുന്നതെന്ന് എം.എം. മണി എംഎല്‍എ
മാധ്യമപ്രവര്‍ത്തകന്‍ സോജന്‍ സ്വരാജ് രചിച്ച് കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ‘ബൈസ്റ്റാന്‍ഡര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.കടന്നുവന്ന ജീവിത സാഹചര്യങ്ങള്‍ക്കൊപ്പം ഇടുക്കിയെന്ന മലയോര ജില്ലയെ കൂടി ചേര്‍ത്തെഴുതിയാണ് സോജന്‍ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. രോഗാതുരയായി വീണുപോയ അമ്മയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍ ഒപ്പം നിന്നവരെ ഓര്‍ത്തെടുക്കുന്ന ഈ പുസ്തകം ഓരോ ഹൈറേഞ്ചുകാരനും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ.എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എന്‍. വിനീഷ്‌കുമാര്‍ അധ്യക്ഷനായി. യു.ഡി.എഫ് ചെയര്‍മാന്‍ ജോയി വട്ടക്കുഴി പുസ്തകത്തിന്റെ ആദ്യപകര്‍പ്പ് ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തകന്‍ എം.സി. ബോബന്‍ പുസ്തകം പരിചയപ്പെടുത്തി. ചടങ്ങില്‍ ഹൈറേഞ്ചിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ എം എം മണി ആദരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ സജി, ബിജെപി ജില്ലാ സെക്രട്ടറി രതീഷ് വരകുമല, പ്രവീണ്‍ വട്ടമല, സിസ്റ്റര്‍ ലിന്‍സി മരിയ, ജോസ് വെട്ടിക്കുഴ, ജോര്‍ജി മാത്യു, തോമസ് ജോസ്, പ്രസാദ് നെടുങ്കണ്ടം, കൈപ്പട ഡയറക്ടര്‍ ബിബിന്‍ വൈശാലി എന്നിവര്‍ സംസാരിച്ചു.