‘മാധ്യമപ്രവർത്തകർക്ക് ബസിനകം പരിശോധിക്കാം’; നവകേരള ബസിലെ ആർഭാടം കണ്ടെത്താൻ ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി
നവകേരള ബസില്‍ ആഡംബരം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസില്‍ കയറി, എന്നാല്‍ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. അതിനാല്‍ പരിപാടി കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബസില്‍ കയറണം. അതിന്റെ ഉള്ളില്‍ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാകുന്ന എന്തെങ്കിലും ഇടത് സർക്കാർ ചെയ്തോ? മാധ്യമങ്ങൾ ശത്രുതാപരമായിട്ടാണ് സർക്കാറിനോട് പെരുമാറുന്നത്.
ബദൽ സാമ്പത്തിക നയം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇടത് സർക്കാർ പൊതുമേഖലയെ സംരക്ഷിക്കുന്നു. സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.
2016 ന് മുൻപ് കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നു. മാറ്റം ഉണ്ടാകില്ലെന്ന് കരുതിയിടത്താണ് ഇടത് സർക്കാർ ഭരണത്തിലെത്തിയത്. ദേശീയ പാതയെന്ന് വിശ്വസിക്കാൻ പറ്റാത്ത രീതിയിലായിരുന്ന റോഡുകൾ മെച്ചപ്പെടുത്തി. കേരളത്തിൽ ദേശീയ പാതാവികസനം ഇനി നടക്കില്ലെന്ന് ഒരു കാലത്ത് ജനം വിശ്വസിച്ചു. പക്ഷേ ഇന്നങ്ങനെയല്ല. സമയബന്ധിതമായി എല്ലാം പൂർത്തിയാക്കുമെന്ന് ജനം വിശ്വസിക്കുന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല.
ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.