ഗോത്ര വിദ്യാഭ്യാസപ്രചാരണ പരിപാടിയുമായി എക്‌സൈസ് വകുപ്പ്; സംഘാടക സമിതി രൂപീകരിച്ചു
ഗോത്ര വിദ്യാഭ്യാസപ്രചാരണപദ്ധതിയുടെ ഭാഗമായി ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ‘മെഗാ എജ്യുക്കേഷന്‍ ഫെയര്‍’ സംഘടിപ്പിക്കുന്നു. മാങ്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം മാങ്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേവികുളം താലൂക്കിലെ മാങ്കുളം, മറയൂര്‍, അടിമാലി എന്നീ മൂന്ന് സോണുകളില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് നടപ്പാക്കുന്ന ബൃഹത്തായ വിദ്യാഭ്യാസ പ്രചാരണ പരിപാടിയാണ് മെഗാ എജ്യുക്കേഷന്‍ ഫെയര്‍.
ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് മാങ്കുളം സെന്റ് മേരിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഫെയര്‍ ദേവികുളം എംഎല്‍എ എ.രാജ ഉദ്ഘാടനം ചെയ്യും. പ്രദേശത്തെ എല്ലാ ഊരുകളില്‍ നിന്നും ഊരുനിവാസികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ഫെയറില്‍ ജില്ലയിലെയും സമീപ ജില്ലകളിലെയും പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിനിധി സംഘമെത്തും. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായ കോഴ്‌സുകള്‍, തുടര്‍പഠനത്തിന്റെയും
ജോലിയുടെയും സാധ്യതകള്‍ എന്നിവ വിശദീകരിക്കുന്ന ഹെല്‍പ്പ് ഡെസ്‌കുകളും പഠന ക്ലാസുകളും ഫെയറിന്റെ ഭാഗമായി സംഘടിപ്പിക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ ചെയര്‍മാനായും ദേവികുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസ് കണ്‍വീനറായും 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. കൂടാതെ സ്റ്റേജ് കമ്മിറ്റി, ഓര്‍ഗനൈസിംഗ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി തുടങ്ങിയ സബ് കമ്മിറ്റികള്‍ക്കും രൂപീകരിച്ചു.ദേവികുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എ. മുഹമ്മദ് റിയാസ് യോഗത്തിന് സ്വാഗതം പറഞ്ഞു. മാങ്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, ഊരുമൂപ്പന്മാര്‍, കാണിമാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, സാമൂഹ്യ പഠന മുറി അധ്യാപകര്‍, കുടുംബശ്രീ ഭാരവാഹികള്‍, ഫെസിലിറ്റേറ്റര്‍മാര്‍, പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.