കുടിയൊഴിപ്പിക്കുന്നതിനെതിരെ ചിന്നക്കനാലില്‍ റിലേ നിരാഹാര സമരം
മൂന്നാര്‍: ദൗത്യസംഘം മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ കര്‍ഷകരെ കുടിയിറക്കുന്നെന്ന് ആരോപിച്ച് ചിന്നക്കനാലില്‍ നാട്ടുകാര്‍ റിലേ നിരാഹാര സമരം ആരംഭിച്ചു. ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം. ചിന്നക്കനാലിലെ കര്‍ഷകരെ സംരക്ഷിച്ചില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് പ്രഖ്യാപനം. മൂന്നാര്‍ ദൗത്യസംഘം ചെറുകിട കര്‍ഷകരെ കുടിയിറക്കുന്നു എന്നാരോപിച്ച് തുടക്കം മുതല്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കര്‍ഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കാനുള്ള ഉദ്യോഗസ്ഥ നീക്കം അവസാനിപ്പിക്കുക, സിങ്കുകണ്ടത്തെ ആരാധനാലയങ്ങള്‍ ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കുക, ഡിജിറ്റല്‍ സര്‍വേയില്‍ പട്ടയമില്ലാത്ത ഭൂമി കര്‍ഷകരുടെ പേരില്‍ രേഖപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങിയത്. സിങ്കുകണ്ടത്തെ പന്തലിലാണ് സമരം നടക്കുന്നത്.
സിങ്കുകണ്ടം ഭാഗത്ത് ഭൂമി കൈവശം വച്ചിരിക്കുന്ന 12 പേര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതാണ് സമരം വീണ്ടും ശക്തമാകാൻ കാരണം. ഈ കുടുംബങ്ങളാണ് നിരാഹാരം അനുഷ്ഠിക്കുക. അതേ സമയം ആദിവാസികള്‍ക്ക് നല്‍കാനായി അളന്നു തിരിച്ച ഭൂമി കൈയേറിയവര്‍ക്കാണ് നോട്ടീസ് നല്‍കിയതെന്ന് റവന്യൂ വകുപ്പ് പറഞ്ഞു. ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ നല്‍കിയ അപ്പീലുകള്‍ തള്ളുകയും ഹൈക്കോടതി സ്ഥലമേറ്റെടുക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.