കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന് സെക്കൻഡ് ഷിഫ്റ്റ് : പുതിയ വാർഡിലെ സൗകര്യങ്ങൾക്ക് 10 ലക്ഷം അനുവദിച്ച് മന്ത്രി റോഷി ആഗസ്റ്റിൻ
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡിലെ വിവിധ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ സെക്കൻഡ് ഷിഫ്റ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനത്തിൽ നഗരസഭ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണ്. നിലവിലുള്ള സ്റ്റാഫ് നഴ്സുകളുടെ അഭാവം, ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ആശുപത്രിയിൽ മലിനജലം ട്രീറ്റ് ചെയുന്നതിനുള്ള ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീലാമ്മ ബേബി പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ആശുപത്രി ഓർത്തോ സർജൻ ഡോ ജിശാന്ത് ബി ജെയിംസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജയ ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
2022 ൽ പ്രവർത്തനമാരംഭിച്ച കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിൽ നിന്ന് ദിനംപ്രതി 21 പേർക്കാണ് നിലവിൽ സേവനം നൽകുന്നത്. രണ്ടാം ഷിഫ്റ്റ് വരുന്നതൊടെ 15 പേർക്ക് കൂടി അധികമായി സേവനം ലഭിക്കും. 3.60 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി നഗരസഭ വിഹിതത്തിൽ നിന്നും മരുന്നുകൾക്കും മറ്റു അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കുമായി 24 ലക്ഷം രൂപയാണ് അനുവദിച്ചത്. സിസിടിവി, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്കായി ആറ് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.
നഗരസഭ വൈസ്ചെയർമാൻ ജോയി ആനിത്തോട്ടം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി മോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബേബി, ഇടുക്കി ഡിഎംഒ ഡോ. മനോജ് എൽ, കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ ആഷ്‌ലി അബ്രഹാം, രാഷ്ട്രീയകക്ഷി നേതാക്കളായ അനൂപ് കെ, തോമസ് മൈക്കിൾ, വി ആർ സജി, മനോജ് എം തോമസ്, ജോയി കുടക്കച്ചിറ, വി ആർ ശശി, മനോജ് പതാലിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.