കോതമംഗലത്ത് കെ എസ് ഇ ബി വാഴ വെട്ടിക്കളഞ്ഞ കർഷകന് മാനുഷിക പരിഗണന വെച്ചാണ് പണം കൊടുത്തതെന്ന് മന്ത്രി, ആ പരിഗണന മറ്റ് കർഷകർക്ക് ഇല്ലാത്തതെന്തെന്ന് കിഫ
മാനുഷിക പരിഗണന വെച്ചാണ് KSEB ജീവനക്കാർ കോതമംഗലത്ത് വാഴ വെട്ടിയ കേസിൽ മൂന്നര ലക്ഷം രൂപ അനുവദിച്ചതെന്ന് ഇലക്ട്രിസിറ്റി മന്ത്രി. അനുബന്ധ ഉത്തരവും പുറത്ത്.
റവന്യു ഭൂമിയിൽ കൃഷി ചെയ്യുന്ന മറ്റ് കർഷകരുടെ വാഴ വന്യമൃഗങ്ങൾ നശിപ്പിച്ചാൽ വാഴ ഒന്നിന് 110 /- രൂപ. സർക്കാർ ജീവനക്കാരുടെ അനാസ്ഥ മൂലം 20 അടി പൊക്കത്തിൽ വാഴ വളരാൻ അനുവദിക്കുകയും, മുന്നറിയിപ്പ് കൊടുക്കാതെ വെട്ടിനശിപ്പിക്കുകയും ചെയ്ത വാഴ ഒന്നിന് 862/- രൂപ നഷ്ടപരിഹാരം. അതും പൊതുജനത്തിന്റെ നികുതി വരുമാനത്തിൽ നിന്നും.
കോതമംഗലം വരപ്പെട്ടിയിൽ തോമസ് എന്ന കർഷകൻറ്റെ 406 വാഴ 220 കെ വി ലൈനിൽ മുട്ടിയെന്നകാരണത്താൽ മുന്നറിയിപ്പില്ലാതെ KSEB ജീവനക്കാർ വെട്ടിക്കളയുകയും, സർക്കാർ മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.
എന്നാൽ പൊതുസമൂഹത്തിൽ നിന്നും വാഴ വെട്ടിക്കളഞ്ഞ ഉദ്യോഗസ്ഥരിൽ നിന്നുതന്നെ തുക ഈടാക്കണമെന്നും, കർഷകനെയും അവൻറ്റെ അധ്വാനത്തെയും അവഗണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യമുയരുകയും, ഇതിനായി ശ്രി. രവി ആർ വാര്യർ എന്നയാൾ സർക്കാരിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറി വരെ കണ്ട ആ പരാതിയിൽ പക്ഷെ നടപടികൾ ഒന്നും ഉണ്ടായില്ല.
വന്യമൃഗ ശല്യം നാൾക്കുനാൾ രൂക്ഷമാവുകയും മലയോര മേഖലകളിൽ കർഷകർ കൃഷി ഉപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിളനാശത്തിൻറ്റെ പേരിൽ കൊടുക്കുന്ന നഷ്ടപരിഹാരം വളരെ തുശ്ച്ചമാണ്. അതാകട്ടെ 2021 മുതലുള്ളത് കുടിശ്ശികയും.വന്യമൃഗം നശിപ്പിക്കുന്ന വാഴക്ക് 110/- രൂപയും, സർക്കാറുദ്യോഗസ്ഥർ വെട്ടിക്കളഞ്ഞ വഴക്ക് 862/- രൂപയും എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അത് മനുഷ്യത്വത്തിൻറ്റെ പേരിലാണ് കൊടുത്തതെന്ന് മന്ത്രിതന്നെ പറയുമ്പോൾ സമൂഹത്തിൻറ്റെ നട്ടെല്ലായ സാധാരണ കർഷകർ ഏത് ഗണത്തിൽ പെടും എന്നുകൂടി മന്ത്രി പറയണം. സാധാരണ കർഷകർ ഈ മനസാക്ഷിയുടെ പരിഗണന അർഹിക്കാത്തവരാണങ്കിൽ സർക്കാർ അത് പരസ്യമായി പ്രഖ്യാപിക്കണം.
അതല്ല അവരേയും മനുഷ്യരായാണ് നിങ്ങൾ കാണുന്നതെങ്കിൽ ഇനിമുന്നോട്ട് വന്യമൃഗങ്ങൾ നശിപ്പിച്ചുകളയുന്ന വാഴ ഒന്നിന് 862/- രൂപ നഷ്ടപരിഹാരം കൊടുക്കണം. കൂടാതെ എല്ലാവർക്കും സ്വീകാര്യമായ ഒരു പൊതുനിയമത്തിൻറ്റെ അടിസ്ഥാനത്തിലല്ലാതെ, മാനുഷീക പരിഗണനയുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഒരു സർക്കാർ സംവിധാനത്തിന് പ്രവർത്തിക്കാനാവുക.
കോതമംഗലത്തെ കർഷകന് കൊടുത്തത് കൂടിപ്പോയി എന്നല്ല. പകരം,
വന്യമൃഗ ശല്യം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക അടിയന്തിരമായി ഉയർത്തണമെന്നും, കോതമംഗലം നഷ്ടപരിഹാരത്തിൻറ്റെ പശ്ചാത്തലത്തിൽ വാഴയുടെ നഷ്ടപരിഹാര തുക 110/- രൂപയിൽ നിന്നും 862/- രൂപയായി ഉയർത്തണമെന്നും കിഫ
ഇടുക്കി ജില്ലാ പ്രസിഡൻറ്റ് …ബബിൻ ജെയിംസ് വയലുങ്കൽ ………………… ആവശ്യപ്പെട്ടു.