ഇടുക്കിയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; കാലവര്‍ഷം ജൂൺ മൂന്ന് മുതൽ
ഇടുക്കി: ഇടുക്കിയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
കാലവര്‍ഷം എത്താനിരിക്കെ ഇടുക്കിയിലെ അണക്കെട്ടുകളില്‍ മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുന്‍ കരുതലിന്റെ ഭാഗമായി ജില്ലയിലെ അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ബന്ധപ്പെട്ട അധികാരികള്‍ അറിയിക്കുന്നത്.
അതേസമയം, കേരളത്തിൽ ജൂണ്‍ മൂന്ന് മുതല്‍ കാലവര്‍ഷം തുടങ്ങുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മേയ് 31 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്ന് മുതല്‍ ശക്തി പ്രാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.