കെ എസ് ആർ ടി സി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിരവധി യാത്രക്കാരുമായിവന്ന കെ.എസ്.ആർ.ടി. സി. ബസിന്റെ ബ്രേക്ക് കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നഷ്ടമായി. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽമൂലം വലിയ അപകടം ഒഴിവായി. കൊക്കയ്ക്ക് സമീപത്താണ് വാഹനം തകരാറിലായത്.
കട്ടപ്പനയിൽനിന്ന് 7.20-ന് തങ്ക മണി വണ്ണപ്പുറം വഴി തൊടുപുഴയ്ക്കു സർവീസ് നടത്തുന്ന ബസാണ് തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് കമ്പകക്കാനം എസ് വളവിൽ നിയന്ത്രണം നഷ്ടമായത്. ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്ക് നഷ്ടമായി എന്ന് മനസ്സിലായതോടെ, ഡ്രൈവർ പെട്ടെന്ന് ബസ് റിവേഴ്സ് ഗിയറിലേക്ക് മാറ്റി. ഇതോടെ ബസ്സിന്റെ വേഗം കുറയുകയും പതിയെ നിരങ്ങി നിങ്ങി നിൽക്കുകയുമായിരുന്നു. കൊക്കയ്ക്ക് തൊട്ടടുത്താണ് ബസ് നിന്നത്. അൽപ്പംകൂടി നിരങ്ങി നീങ്ങിയിരുന്നെങ്കിൽ വലിയ അപകടമുണ്ടായേനെ.
ബസിൽ അറുപത് യാത്രക്കാരുണ്ടായിരുന്നു. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും കാലപഴക്കം ചെന്നവയാണ്. കുത്തനെ കയറ്റവും ഇറക്കവും നിരവധി കൊടുംവളവുകളും ഉള്ള അപകടമേഖലയിൽ കാലപ്പഴക്കം ചെന്ന ബസുകൾക്ക് പകരം നല്ല ബന്ധുകൾ അനുവദിക്കാൻ കെ.എസ്.ആർ.ടി.സി. തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.