പരിശോധനകൾ നിലച്ചതോടെ കട്ടപ്പനയിൽ വീണ്ടും നിരോധിത പാൻമസാല വിൽപ്പന സജീവം. അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് നഗരത്തിൽ വിൽപ്പന തകൃതിയായി തുടരുന്നത്

കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും മറ്റ് വകുപ്പുകളുടെയും പരിശോധന നിലച്ചതിന് പിന്നാലെ നഗരത്തിൽ നിരോധിത പാൻമസാല വിൽപ്പന സജീവമായി.ഞായറാഴ്ചകളിൽ മാർക്കറ്റ്,കുന്തളംപാറ റോഡ്,ഇടശ്ശേരി ജങ്ഷൻ എന്നിവിടങ്ങളിലാണ് പുകയില മുറുക്കാൻ വിൽപ്പനയുടെ മറവിൽ അതിഥി തൊഴിലാളികൾ നിരോധിച്ച പാൻ മസാല വിൽപ്പന നടത്തുന്നത്.ഞായറാഴ്ച്ച രാവിലെ ഇടശ്ശേരി ജംഗ്ഷനിൽ സ്കൂൾ കുട്ടികൾക്ക് പാൻ മസാല ഉപയോഗിച്ചുള്ള സുഗന്ധ മുറുക്കാൻ വിൽക്കാൻ ശ്രമിച്ചത് ഓട്ടോറിക്ഷാ തൊഴിലാളികൾ തടഞ്ഞിരുന്നു.തൊഴിലാളികൾക്കിടയിലാണ് പാൻ മസാല വിൽപ്പന തകൃതിയായി നടക്കുന്നത്.പിടിക്കപ്പെടാതിരിക്കാൻ കവറുകളിൽ സൂക്ഷിച്ചാണ് വിൽക്കുന്നത്.
കഴിഞ്ഞ 6 മാസത്തിനിടെ ഒന്നിലധികം തവണ കട്ടപ്പനയിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയിരുന്നു.അന്ന് ചില വ്യാപാരികളുടെ ഗോഡൗണിൽ നിന്നും ആയിരക്കണക്കിന് പാക്കറ്റ് പാൻ മസാലകൾ പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന കുറഞ്ഞതും നിയമ നടപടികൾ ഇല്ലാത്തതുമാണ് ഇത്തരക്കാരെ വീണ്ടും പാൻ മസാല വിൽപ്പന നടത്തുവാൻ പ്രേരിപ്പിക്കുന്നത്. നാട്ടിൽ പോയി തിരികെ എത്തുന്ന അതിഥി തൊഴിലാളികളാണ് നിരോധിത പാൻ മസാലകൾ ഇവിടേയ്ക്ക് എത്തിക്കുന്നതെന്നാണ് സൂചന. പെരുമ്പാവൂരിൽ നിന്ന് ബസുകളിൽ പാൻ മസാലകൾ എത്തിക്കുന്നതായും വിവരമുണ്ട്.