കുടിവെള്ള പദ്ധതിക്കായി സ്ഥലം പഞ്ചായത്തിന് കൈമാറി
പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പുഞ്ചക്കുഴിതണ്ട് പ്രദേശത്ത് കുടിവെള്ള പദ്ധതിക്കായി വിട്ടുനൽകിയ സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് കെ എം ബാവുക്കുട്ടി, നസിം വെട്ടിക്കാട്ട് എന്നിവരിൽനിന്നും ഏറ്റുവാങ്ങി. കിണർ, കുടിവെള്ളസംഭരണി എന്നിവ നിർമ്മിക്കുന്നതിനും ഇതിലേക്ക് 10 അടി വീതിയിൽ 80 മീറ്റർ നീളത്തിൽ വഴി നിർമ്മിക്കുന്നതിനുമായി 15 സെന്റ് സ്ഥലമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയത്. മുൻ ഗ്രാമപഞ്ചായത്തംഗം കെ എം ബാവുക്കുട്ടി കുഞ്ചാട്ട്, മകൻ ഫിദർ മുഹമ്മദ്, മരുമകൻ വെട്ടിക്കാട്ട് നസീം അലിയാർ എന്നിവർ ചേർന്നാണ് സ്ഥലം വിട്ടുനൽകിയത്. കുടിവെള്ളക്ഷാമം നേരിടുന്ന 150 ഓളം കുടുംബങ്ങൾക്ക് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നും, അടുത്ത വാർഷിക പദ്ധതിയിൽ പദ്ധതിക്കായി തുക വകയിരുത്തുന്നകാര്യം പഞ്ചായത്ത് കമ്മിറ്റി പരിഗണിക്കുമെന്നും ഒ ഇ അബ്ബാസ് പറഞ്ഞു.