ഇടുക്കി: തിരക്കിലലിഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍
പീരുമേട്: അവധി ആഘോഷിക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തി. ഞായറാഴ്ച വൈകീട്ട് വരെ മഴ മാറിനിന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജനസാന്ദ്രമായി.വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ച നൂറുകണക്കിന് ആളുകളാണ് എത്തിയത്.
രാവിലെ മുതല്‍ സഞ്ചാരികളുടെ വാഹനങ്ങള്‍ പ്രവഹിച്ചതിനാല്‍ ഏലപ്പാറ-വാഗമണ്‍ റൂട്ടില്‍ ഗതാഗതക്കുരുക്ക് അനുഭപ്പെട്ടു. ദേശീയപാത 183ല്‍ മുണ്ടക്കയം മുതല്‍ കുട്ടിക്കാനം വരെ വാഹനങ്ങളുടെ നിരയായിരുന്നു. വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം സഞ്ചാരികളുടെ ബാഹുല്യവും റോഡിന് ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. പാലത്തിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സ്വഷ്ടിക്കുന്നു.
പരുന്തുംപാറയില്‍ സഞ്ചാരികളുടെ വൻ തിരക്കാണ് ഉണ്ടായത്. മൊട്ടക്കുന്നുകള്‍ സഞ്ചാരികളാല്‍ നിറഞ്ഞു. അടുത്ത ദിവസങ്ങളിലും വൻ തിരക്ക് പ്രതിക്ഷിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു.
തുടര്‍ച്ചയായ അവധി; മലങ്കര പാര്‍ക്കിലേക്ക് സഞ്ചാരികളുടെ പ്രവാഹം. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വന്നതോടെ മലങ്കര ടൂറിസം ഹബില്‍ സഞ്ചാരികളുടെ തിരക്ക്. ഞായറാഴ്ച മാത്രം 1200ലധികം സഞ്ചാരികളാണ് മലങ്കര ഹബ് കാണാൻ എത്തിയത്. വൈകീട്ട് മഴ പെയ്തില്ലായിരുന്നുവെങ്കില്‍ 1500ലധികം ആളുകള്‍ എത്തുമായിരുന്നു. ശനിയാഴ്ചയും 1000ത്തിലധികം പേര്‍ എത്തി. രണ്ട് ദിവസംകൂടി അവധി ആയതിനാല്‍ വരുംദിവസങ്ങളിലും നിരവധി സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.