ഇസ്രയേൽ- ഹമാസ് സംഘർഷം; ഡല്‍ഹിയില്‍ എസ്എഫ്ഐയുടെ പ്രതിഷേധം; അറസ്റ്റ്
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് പ്രതിഷേധവുമായി ഇടത് വിദ്യാര്‍ഥി സംഘടനകള്‍. പൊലീസ് വിലക്ക് ലംഘിച്ച് എംബസിയിലേക്ക് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ, ഹമാസിനെ പരാജയപ്പെടുത്തേണ്ടത് ലോകരാജ്യങ്ങളുടെ ആവശ്യമാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി പറഞ്ഞു.
ഖാന്‍ മാര്‍ക്കറ്റ് മെട്രോ സ്റ്റേഷനില്‍നിന്നാണ് ഇരുന്നൂറോളം വരുന്ന പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമുയര്‍ത്തി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം റോഡിലുള്ള എംബസിയിലേക്ക് പ്രകടനം നടത്തിയത്. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുക, യുദ്ധക്കുറ്റം ചെയ്യുന്ന ഇസ്രയേലിനെതിരെ ശബ്ദമുയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എംബസിക്ക് അരക്കിലോമീറ്റർ മുൻപിൽവച്ച് പൊലീസ് പ്രകടനം തടഞ്ഞു.
മുന്നറിയിപ്പിന് പിന്നാലെ പൊലീസ് നടപടി. എസ്.എഫ്.ഐ. ദേശീയ അധ്യക്ഷന്‍ വി.പി.സാനു, ഐഷി ഘോഷടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. റോഡിന് എതിര്‍വശത്തുണ്ടായിരുന്ന പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചു. അതിനിടെ ഹമാസിനെ പരാജയപ്പെടുത്തിയില്ലെങ്കില്‍ മറ്റ് ഭീകരസംഘടനകള്‍ അവസരമാക്കിയെടുക്കുമെന്നും അത് ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി പറഞ്ഞു.