ലഹരി നാടിന്റെ സമാധാനം തകർക്കുന്നു: മാർ ജോൺ നെല്ലിക്കുന്നേൽ


ലഹരിയുടെ വ്യാപനം നാട്ടിൽ സമാധാനം തകർക്കുന്നെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റർ പ്രത്യാശയുടെയും സമാധാനത്തിന്റെയും തിരുനാളാണ്. ഉത്ഥാനം ചെയ്ത ക്രിസ്തു എല്ലാവർക്കും സമാധാനമാണ് ആശംസിച്ചത്. എങ്ങും അസമാധാനം വർദ്ധിക്കുന്ന വാർത്തകളാണ് ഇന്ന് പുറത്തുവരുന്നത്. ഈ കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന അസമാധാനത്തിന്റെ പ്രധാന കാരണം ലഹരിയാണ്. അതിന്റെ ഉപയോഗവും വിപണനവും ക്രമാനുഗതമായി വർദ്ധിച്ചു. ഭാവിയുടെ പ്രതീക്ഷയായ യുവജനങ്ങളും കൗമാരക്കാരും ഇതിന്റെ ഭാഗമാകുന്നു. കുടുംബങ്ങളിലും സമൂഹത്തിലുമെല്ലാം ഇത് കലഹവും അസമാധാനവും സൃഷ്ടിക്കുകയാണ്. യഥാർത്ഥത്തിൽ ജീവിതത്തിൽ സമാധാനവും പ്രത്യാശയും സമാധാനവും പ്രധാനം ചെയ്യുന്ന ദൈവത്തിൽ നിന്നും അകലുന്നവരാണ് ഇത്തരത്തിൽ അസമാധാനത്തിന്റെ വാഹകരായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവവിചാരവും ദൈവാശ്രയബോധവും വളർത്താൻ ഏവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടുക്കി രൂപതാ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബിഷപ്പ് പതാക ഉയർത്തി. ഫാ.ജോസഫ് തച്ചുകുന്നേൽ, ഫാ.മാത്യു പുതുപറമ്പിൽ, ഫാ. അമൽ മണിമലക്കുന്നേൽ, ഫാ. അമൽ താണോലിൽ, ഫാ. പ്രിൻസ് പുളിയാങ്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. നൂറുകണക്കിന് വിശ്വാസികൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. രൂപതയിലെ എല്ലാ പള്ളികളിലും വിപുലമായ ആഘോഷങ്ങളും പ്രത്യേക പ്രാർത്ഥനകളും നടന്നു.