ഉപ്പുതറ പശുപ്പാറ ടൗണിലെ ശൗചാലയവും , ബസ് കാത്തിരിപ്പു കേന്ദ്രവും ഇനിയും പൂർത്തീകരിക്കാനായില്ല
2019 ൽ ഉപ്പുതറ പഞ്ചായത്താണ് ശൗചാലയവും , ബസ് കാത്തിരിപ്പു കേന്ദ്രവും നിർമിക്കാൻ 6.72 ലക്ഷം രൂപ അനുവദിച്ചത്.
നിർമ്മാണത്തിനിടെ ഫണ്ട് തികയാതെ വന്നതോടെ നിർമ്മാണം പാതി വഴിയിൽ നിലക്കുകയായിരുന്നു .
ഓട്ടോ റിക്ഷ സ്റ്റാന്റിന് അഭിമുഖമായി കാത്തിരിപ്പു കേന്ദ്രവും , അടി നിലയിൽ ശൗചാലയവും എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ ഫണ്ട് തികയാതെ വന്നതോടെ നിർമാണം പാതി വഴിയിൽ നിലച്ചു. കെട്ടിടത്തിന്റെ അവസാന ഘട്ട നിർമാണവും ,വെള്ളവും , വൈദ്യൂതിയും എത്തിക്കാനുള്ള നടപടിയുമാണ് അവശേഷിക്കുന്നത്. ഇതിനുള്ള ചെറിയ ഫണ്ടു കൂടി അനുവദിച്ചാൽ പദ്ധതി ജനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും.
എന്നാൽ നാലു വർഷമായി ഒരു നടപടിയും പഞ്ചായത്തിൽ നിന്നും ഉണ്ടായില്ല.
പശുപ്പാറ, ആലമ്പള്ളി എസ്റ്റേറ്റുകളിലെ തൊഴിലാളികൾ, പശുപ്പാറ പുതുവൽ , കാവേരി മൊട്ട, ആനപ്പള്ളം, തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിനാളുകൾ എത്തുന്ന പ്രധാന സ്ഥലമാണ് പശുപ്പാറ .
ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രവും , ശൗചാലയവും വേണമെന്ന് നാട്ടുകാരുടെ
പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു.
പശുപ്പാറയിൽ നിന്നുള്ള പഞ്ചായത്തംഗം കെ.ജി സത്യൻ പ്രസിഡന്റായപ്പോഴാണ് ഇതിന് ഫണ്ട് അനുവദിച്ചത്.
എന്നാൽ എസ്റ്റിമേറ്റിലെ അപാകം മൂലം പദ്ധതി പൂർത്തീകരിക്കാനായില്ല.
ടൗണിൽ എത്തുന്നവർ വാഹനം കാത്തു നിൽക്കാൻ കടത്തിണ്ണയും, ശങ്ക
തോന്നിയാൽ തേയിലക്കാടും ആശ്രയിക്കേണ്ട ഗതികേടാണ് ഇപ്പോഴുമുള്ളത്.
പദ്ധതി പൂർത്തിയാക്കാനുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ത്രിതല പഞ്ചായത്തുകളിൽ സമ്മർദ്ദം ചെലുത്തി വരികയാണെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ .ജി സത്യൻ പറഞ്ഞു.