ട്രാക്ടർ പരിശീലനം പൂർത്തിയാക്കി കോടനാട് 30 വനിതകൾ വനിതകൾ വയലിലേക്ക്

എറണാകുളം ജില്ലയിലെ കോടനാട് ഗ്രാമത്തിൽ ട്രാക്ടർ പരിശീലനം പൂർത്തിയാക്കിയ 30 ഗ്രാമീണ വനിതകൾ ഇനി വയലിലേക്ക് ഇറങ്ങുന്നു.
10 ദിവസമായി കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ഉഴവ് യന്ത്രത്തിൽ തീവ്ര പരിശീലനത്തിൽ ആയിരുന്ന30 വനിതകൾക്കാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത റഹീം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
ഒപ്പം മുഴുവൻ അധ്യാപകരും അനധ്യാപകരും ഉഴവ് യന്ത്രത്തിൽ പരിശീലനം പൂർത്തിയാക്കി എന്ന അപൂർവ്വ നേട്ടവും കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ സ്വന്തമാക്കി.
ട്രാക്ടർ ഓടിക്കുന്ന അധ്യാപികമാരെയും അമ്മമാരെയും കൗതുകത്തോടെ പ്രോത്സാഹിപ്പിക്കാൻ വിദ്യാർത്ഥികളും ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ ജനപ്രതിനിധികളും സ്കൂൾ മാനേജരും ഒപ്പം ചേർന്നു.
ഉദ്ഘാടനശേഷം തനിക്കും ട്രാക്ടർ ഓടിക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത റഹീം കൂടി നിന്നവർക്കു മുന്നിൽ കാണിച്ചു കൊടുത്തു.
കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അരവിന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്,
പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബേബി തോപ്പിലാൻ, അംഗങ്ങളായ മായ കൃഷ്ണകുമാർ, സിനി എൽദോ, പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് സലീം, സ്കൂൾ മാനേജർ തോമസ് പോൾ റമ്പാൻ,പ്രിൻസിപ്പൽ മിനി നായർ,പരിശീലകൻ വത്സൻ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന എം. കെ. എസ്. പി. യുടെ നേതൃത്വത്തിൽ ആണ് ഗ്രാമീണ വനിതകൾക്ക് ട്രാക്ടർ ഡ്രൈവിങ്ങിൽ പരിശീലനം നൽകിയത്.
കോടനാട് ബസേലിയോസ് പബ്ലിക് സ്കൂളിന്റെയും മഹിള കിസാൻ സ്വശാക്തീകരൺ പരിയോജനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരിശീലന പരിപാടി.