നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോക്കുകുത്തി; വയൽ നികത്തുന്നവർക്കെതിരെ നടപടിയില്ല
തിരുവനന്തപുരം: വയൽ നികത്തുന്നവർക്കെതിരെ നടപടിയെടുക്കാനാകാതെ സർക്കാർ. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോക്കുകുത്തിയായി നിൽക്കുകയാണ്. നെൽവയൽ നികത്തിയെന്നു ചൂണ്ടികാണിച്ച് 2016 മുതൽ 2013 വരെ 7064 പരാതികളാണ് കിട്ടിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉള്ളത്, 1620 എണ്ണം. തൊട്ടുപിന്നിൽ 1423 പരാതികളുമായി ആലപ്പുഴ ജില്ലയാണുള്ളത്.
ഇത്തരത്തില്‍ നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികളും ഇഴയുകയാണ്. തിരുവനന്തപുരത്തും കോട്ടയത്തും ഒന്നു പോലും പൂർവ്വ സ്ഥിതിയിലാക്കിയിട്ടില്ല. കോഴിക്കോട് ഒന്ന്, ആലപ്പുഴ മൂന്ന് എന്നിങ്ങനെയാണ് കണക്കുകൾ. പൂർവ്വസ്ഥിതിയിൽ ആക്കാൻ ഉത്തരവിറക്കിയ സ്ഥലങ്ങളിലും പ്രതിസന്ധിയാണ്. മണ്ണിട്ട നെൽവയൽ പൂർവ്വസ്ഥിതിയിലാക്കിയത് 124 ഇടത്ത് മാത്രമാണ്. ജെസിബി വാടകക്കെടുക്കാനുൾപ്പെടെ ഫണ്ടില്ലാത്ത സ്ഥിതിയാണുള്ളത്. റവന്യൂ മന്ത്രിയും ജില്ലാ കളക്ടർമാരും ഇടയ്ക്കിടെ നടപടിയെടുക്കുമെന്ന് പറയുമെങ്കിലും ഒന്നും നടക്കുന്നില്ല.
2008-ൽ ആണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പാസ്സാക്കിയത്. വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തിയുള്ള നിർമാണം തടയുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യം.