പശ്ചിമേഷ്യന്‍ യുദ്ധം പത്താംദിവസത്തിലേക്ക്; ഗാസയില്‍ മുന്നറിയിപ്പുമായി യുഎന്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം പത്താംദിവസത്തിലേക്ക്. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പതിനായിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും യുഎന്‍ വ്യക്തമാക്കി. വെള്ളവും ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങളുടെ ജീവിതം പൂര്‍ണമായും ദുരിതത്തിലായി. ഗാസാ മുനമ്പില്‍ ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ ഏജന്‍സിയായ ഐസിആര്‍സി ആവശ്യപ്പെട്ടു. ഗാസയ്ക്ക് ഇസ്രയേല്‍ സൈനിക വിന്യാസം തുടരുകയാണ്. വടക്കന്‍ഗാസ ഒഴിയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തെക്കന്‍ഗാസയിലേക്കുള്ള കൂട്ടപ്പലായനവും തുടരുന്നു. പശ്ചിമേഷ്യ അഗാധത്തിന്റെ വക്കിലാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നവരല്ലെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ 2,450 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അറിയിച്ചു. 1,400 ഇസ്രായേല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 126 സൈനികരെയും ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനികരുടെ എണ്ണമോ,മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാനായിട്ടില്ല.
ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി ഗ്രാമമായ നര്‍ഹയ്യ പട്ടണത്തോട് ചേര്‍ന്ന സ്തൂല ഗ്രാമത്തിലാണ് റോക്കറ്റ് പതിച്ചത്. തിരിച്ചടിയായി ഇസ്രയേല്‍ ലെബനോനിലേക്ക് റോക്കറ്റ് ആക്രമണം നടത്തി. അതിര്‍ത്തിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റര്‍ പരിധിയില്‍ ആരും വരരുതെന്നും വന്നാല്‍ വെടിവച്ചിടുമെന്നുമാണ് മുന്നറിയിപ്പ് . ഇസ്രയേല്‍ ആക്രമണത്തില്‍ അലപോ വിമാനത്താവളം തകര്‍ന്നതായി സിറിയ ആരോപിച്ചു .ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെ കുറിച്ചുള്ള യുഎന്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു.