മാലിന്യം വലിച്ചെറിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവ്, 50000 രൂപ പിഴ; ഓര്‍ഡിനൻസിന് അംഗീകാരം
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിഞ്ഞാല്‍ 1000 രൂപ മുതല്‍ 50,000 രൂപവരെ പിഴയും ആറു മാസം മുതല്‍ ഒരുവര്‍ഷം വരെ തടവും ലഭിക്കും.
ഇതിനുള്ള കരട് ഓര്‍ഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു.
മാലിന്യശേഖരണത്തിനുള്ള യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ 3 മാസം കഴിയുമ്ബോള്‍ 50 ശതമാനം പിഴയോടു കൂടി ഈടാക്കാനുള്ള വ്യവസ്ഥയും കേരള മുനിസിപ്പാലിറ്റി ഭേദഗതി കരട് ഓര്‍ഡിനൻസിലും കേരള പഞ്ചായത്ത് രാജ് ഭേദഗതി കരട് ഓര്‍ഡിനൻസിലും ഉണ്ട്. ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇവ നിലവില്‍ വരും.
വിസര്‍ജ്യവും ചവറും ഉള്‍പ്പെടെയുള്ള മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളുന്നവര്‍ക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവര്‍ക്കും 10,000 മുതല്‍ 50,000 രൂപ വരെ പിഴയും ആറുമുതല്‍ ഒരുവര്‍ഷംവരെ തടവും ലഭിക്കും. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്. കെട്ടിടം പൊളിച്ച മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പൊതുസ്ഥലത്തു തള്ളിയാലുള്ള പിഴ 10,000 രൂപയാക്കി. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5,000 രൂപ ഈടാക്കും.
കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരത്ത് മാലിന്യം വലിച്ചെറിയരുതെന്നും വ്യവസ്ഥയുണ്ട്. മാലിന്യ നിക്ഷേപം സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. വിവരം തെറ്റാണെങ്കില്‍ 10,000 രൂപ പിഴ ഒടുക്കേണ്ടിവരും.