അപൂര്‍വ്വ കാഴ്ചയായി ഇരട്ട കുലകള്‍
നെടുങ്കണ്ടം: വിളഞ്ഞു പാകമായ ഇരട്ട കുലകള്‍ നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയാകുന്നു. രാമക്കല്‍മേട് വെട്ടിക്കല്‍ കെ. ഉണ്ണിയുടെ കൃഷിയിടത്തിലെ റോബസ്റ്റ ഇനത്തില്‍പെട്ട വാഴയാണ് ഇരട്ട കുലകളെയും പേറി അപൂര്‍വമായ കാഴ്ച്ച സമ്മാനിക്കുന്നത്. പ്രധാനമായും ഏലം കൃഷി ചെയ്യുന്ന സ്ഥലത്ത് ഇടവിളയായി വാഴയും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മുമ്പ് വച്ച വാഴയില്‍ നിന്നും വിത്ത് പിരിച്ചു വച്ച ഒന്നില്‍ നിന്നാണ് ഒരുപോലെ ഇരട്ട കുലകള്‍ കുലച്ചത്. വര്‍ഷങ്ങളായി കാര്‍ഷിക രംഗത്തുള്ള ഉണ്ണിക്ക് ഇത് ആദ്യ അനുഭവമാണ്. ഒരു വാഴയില്‍ നിന്ന് തന്നെ ഇരട്ട കുലച്ചപ്പോള്‍ പൂര്‍ണ വിളവായി ലഭിക്കുമെന്ന് ഇദ്ദേഹം കരുതിയില്ല. അതുകൊണ്ട് തന്നെ മറ്റാരോടും പറഞ്ഞതുമില്ല. എന്നാല്‍ വിളഞ്ഞു പാകമായ ഇരട്ട കുലയിലെ ഒരു അപൂര്‍വ്വത മനസിലാക്കി ബാലന്‍പിള്ള സിറ്റിയിലെ ചുമട്ടു തൊഴിലാളിയായ മൂത്ത മകന്‍ ജയന്‍ പടം എടുത്ത് സുഹൃത്തുകളെ കാണിച്ചു. ഇതോടെ നിരവധി പേര്‍ വാഴക്കുല കാണാന്‍ എത്തി. രണ്ടുകുലയും ഒരുപോലെ പഴുപ്പിച്ച് വീട്ടിലെത്തുന്നവര്‍ക്ക് പങ്ക് വയ്ക്കാനാണ് ഉണ്ണിയുടെ തീരുമാനം.