തൊഴിലുറപ്പ് പദ്ധതിൽ ക്രമക്കേട്;രണ്ട് ജീവനക്കാരെ പിരിച്ചു വിടാന്‍ കളക്ടറുടെ നിര്‍ദേശം


കട്ടപ്പന: തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പിരിച്ചുവിടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. പ്രാഥമിക അനേ്വഷണത്തില്‍ ക്രമക്കേട് നടന്നെന്നു വ്യക്തമായതോടെയാണ് ജില്ലാ കളക്ടർ കര്‍ശന നടപടികളിലേക്ക് കടന്നത്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന അകൗണ്ടന്റ് കം. ഐ.റ്റി അസിസ്റ്റന്റുമാരെയാണ് പിരിച്ചു വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദമായ വിജിലന്‍സ് അനേ്വഷണം നടത്തുമെന്നും ജില്ലകളക്ടർ എച്ച്. ദിനേശന്‍ അറിയിച്ചു. ഇവരെ പിരിച്ചുവിടാനുള്ള അനുമതി തേടി റൂറല്‍ ഡവലപ്‌മെന്റ് കമ്മീഷണര്‍ക്ക് കത്തു നല്‍കിയതായും കലക്ടര്‍ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ പ്രാഥമിക അനേ്വഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ ഉള്‍പ്പടെ അഞ്ചു ജീവനക്കാരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ അനേ്വഷണത്തിന് കട്ടപ്പന ബി.ഡി.ഒ. ബി. ധനേഷിനെ കലക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
2017-18 മുതല്‍ നടത്തിയ നടത്തിയ 967 മെറ്റീരിയല്‍ വര്‍ക്കിന്റെ ബോര്‍ഡു സ്ഥാപിക്കാന്‍ നിയമ വിരുദ്ധമായി ആക്റ്റിവിറ്റി ഗ്രൂപ്പ് ഉണ്ടാക്കിയാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയത്. കമ്പ്യൂട്ടര്‍ എന്‍ട്രികളില്‍ പലതവണ ഇരട്ടിപ്പു നടത്തിയായിരുന്നു ക്രമക്കേട്.
എന്നാല്‍ അപൂര്‍ണവും, പൊരുത്തക്കേടുകള്‍ നിറഞ്ഞതുമായ റിപ്പോര്‍ട്ടാണ് ബി.ഡി.ഒ. ബുധനാഴ്ച കലക്ടര്‍ക്ക് നല്‍കിയത്. പ്രാഥമീക അനേ്വഷണത്തില്‍ ഒരു ദിവസം കൊണ്ട് പഞ്ചായത്തു സെക്രട്ടറി കണ്ടു പിടിച്ച ക്രമക്കേടുകള്‍ പോലും ഒരാഴ്ചത്തെ അനേ്വഷണത്തില്‍ ബി.ഡി.ഒ.ക്കു കണ്ടെത്താനായില്ലെന്നും ആക്ഷേപമുണ്ട്. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും, ഭരണ സമതിയെ വെള്ള പൂശാനുമുള്ള ശ്രമമാണ് ബി.ഡി.ഒ. തുടക്കം മുതല്‍ സ്വീകരിച്ചതെന്നാണ് ആക്ഷേപം. ക്രമക്കേട് നടന്ന മൂന്നു പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമായ വിവരം പരാതിക്കാര്‍ നല്‍കിയെങ്കിലും ഇവ പരിശോധിക്കാന്‍ പോലും ബി.ഡി.ഒ തയ്യാറായില്ല