സൈബർ സുരക്ഷയും മാനസികാരോഗ്യവും: പാവനാത്മ കോളേജിൽ കിഡ്ഗ്ലൗവ് ബോധവൽക്കരണ ക്ലാസ് നടന്നു

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് നടപ്പിലാക്കുന്ന ‘കിഡ്ഗ്ലൗവ്’ (KIDGLOVE) പദ്ധതിയുടെ ഭാഗമായി മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ ഫെബ്രുവരി 18 ബുധനാഴ്ച ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചും ഇടുക്കി സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ അമൽ മാത്യു ക്ലാസ് നയിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ നിയമങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
തുടർന്ന് സൈബർ ലോകത്തെ സ്വാധീനങ്ങളും അത് വ്യക്തികളുടെ മാനസികാരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഇടുക്കി ജില്ലാ ചൈൽഡ് അഡോളസെന്റ് ഡെവലപ്മെന്റ് (D-DAD) സൈക്കോളജിസ്റ്റ് ശ്രീജില ടി.കെ. സംസാരിച്ചു. അമിതമായ സ്ക്രീൻ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള വഴികളും ശ്രീജില ടി.കെ വിശദീകരിച്ചു. കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
















































































































