പ്രസംഗമികവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം; താരമായി എട്ടാം ക്ലാസുകാരി എസ്. കൃഷ്ണേന്ദു

നെടുങ്കണ്ടം: തന്റെ വാക്ചാതുര്യം കൊണ്ട് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ ഹൃദയം കവർന്നിരിക്കുകയാണ് തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി എസ്. കൃഷ്ണേന്ദു. അച്ഛന്റെ ഫോണിലൂടെ കടന്നുവന്ന ഒരു കൊച്ചു പ്രസംഗ വീഡിയോ, ഈ കൊച്ചുമിടുക്കിക്ക് സമ്മാനിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്. പാലക്കാട് മുതലമട സ്നേഹാശ്രമത്തിലെ സുനിൽ സ്വാമി വഴിയാണ് കൃഷ്ണേന്ദുവിനെ തേടി പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശമെത്തിയത്.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മകൾ അവതരിപ്പിച്ച പ്രസംഗത്തിന്റെ വീഡിയോ, സ്നേഹാശ്രമത്തിലെത്തിയ കൃഷ്ണേന്ദുവിന്റെ അച്ഛൻ സാബു രാമക്കൽമേട് സുനിൽ സ്വാമിയെ കാണിച്ചതാണ് വഴിത്തിരിവായത്. ആ കൊച്ചുപെൺകുട്ടിയുടെ വാക്കുകളിലെ വ്യക്തതയിലും ആത്മവിശ്വാസത്തിലും ആകൃഷ്ടനായ സ്വാമി, സ്നേഹാശ്രമത്തെക്കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൃഷ്ണേന്ദു അവതരിപ്പിച്ച ഈ പ്രസംഗത്തിന്റെ വീഡിയോ സുനിൽ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുനൽകി.
അധികം താമസിയാതെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൃഷ്ണേന്ദുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം സ്വാമിക്ക് ലഭിച്ചു. ധാരാളം കഴിവുകളുള്ള കുട്ടിയാണ് കൃഷ്ണേന്ദുവെന്നും, ഒരു ദിവസം നേരിട്ട് കാണാമെന്നും തീയതി പിന്നീട് അറിയിക്കാമെന്നുമാണ് പ്രധാനമന്ത്രിയുടെ സന്ദേശത്തിലുള്ളത്. ആ സുദിനത്തിനായുള്ള കാത്തിരിപ്പിലാണ് കൃഷ്ണേന്ദുവും കുടുംബവും.കലോത്സവ വേദികളിലെ മിന്നും താരംഅടുത്തിടെ നടന്ന ഇടുക്കി സഹോദയ കലോത്സവത്തിലും കൃഷ്ണേന്ദു തന്റെ പ്രതിഭ തെളിയിച്ചിരുന്നു. വിഷയം നൽകിയ ശേഷം വെറും അഞ്ച് മിനിറ്റിനുള്ളിൽ തയ്യാറാക്കി അവതരിപ്പിക്കേണ്ട ‘എക്സ്റ്റമ്പർ’ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഈ മിടുക്കി വിധികർത്താക്കളെ അമ്പരപ്പിച്ചത്. കൂടാതെ ഇംഗ്ലീഷ് ഉപന്യാസ രചനയിലും തമിഴ് പദ്യപാരായണത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടി. പരീക്ഷാത്തിരക്കുകൾ കാരണം സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയതിന്റെ ചെറിയ സങ്കടം മാത്രമാണ് കൃഷ്ണേന്ദുവിനുള്ളത്. കുഞ്ഞുനാളിൽ മലയാളം പ്രസംഗങ്ങളിലൂടെ വേദികളിൽ സജീവമായ കൃഷ്ണേന്ദു, പിന്നീട് സ്കൂളിലെ ആങ്കറിംഗിലൂടെയും മറ്റും സദസിനെ കൈയിലെടുക്കാൻ പഠിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും തമിഴിലും അനായാസം പ്രസംഗിക്കാൻ തന്നെ പ്രാപ്തയാക്കിയത് സ്കൂളിലെ പ്രിയപ്പെട്ട അദ്ധ്യാപകരാണെന്ന് കൃഷ്ണേന്ദു നന്ദിയോടെ പറയുന്നു. കാക്കനാട് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന സഹോദരി എസ്. രാഗേന്ദുവും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
സ്കൂളിലെ ക്ലാസ് ലീഡറായും ഹെഡ് ഗേളായും നേതൃപാടവം തെളിയിച്ച ഈ മിടുക്കിക്ക് പ്ലസ്ടുവിന് ശേഷം മീഡിയ ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠിക്കാനാണ് ആഗ്രഹം. ടെലിവിഷൻ ആങ്കറിംഗ് അല്ലെങ്കിൽ എഡിറ്റിംഗ് മേഖലയിൽ തിളങ്ങുകയാണ് ലക്ഷ്യം. ജയ സാബുവാണ് അമ്മ.

















































































































































