ഇടിമിന്നലില്‍ അണക്കര മേഖലയില്‍ കനത്ത നാശനഷ്ടം
കട്ടപ്പന: കഴിഞ്ഞ ദിവസം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ അണക്കര മേഖലയില്‍ കനത്ത നാശനഷ്ടം. അണക്കര ഉദയഗിരിമേട് ഭാഗത്താണ് നിരവധി വീടുകള്‍ക്ക് ഇടിമിന്നലില്‍ കേടുപാട് സംഭവിച്ചത്.വൈദ്യുത ഉപകരണങ്ങളും വയറിങ്ങും ഉള്‍പ്പെടെ കത്തി നശിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ തുടര്‍ച്ചയായി രണ്ടര മണിക്കൂറോളമാണ് മേഖലയില്‍ ശക്തമായ മഴ പെയ്തത്. ഇതോടൊപ്പം ഉണ്ടായ കനത്ത ഇടിമിന്നലിലാണ് രണ്ട് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്.
ഉദയഗിരിമേട്ടില്‍ കൊട്ടാരം പറമ്ബില്‍ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. വാടകയ്ക്ക് നല്‍കിയിരിക്കുന്ന ഈ വീടുകളില്‍ ഈ സമയം ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
കുമരിയാരുപറമ്പില്‍ സജീവ് താമസിക്കുന്ന വീട്ടിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. മിന്നലേറ്റ് ജനല്‍ പാളികളും വീട്ടിലെ സ്വിച്ച് ബോര്‍ഡുകളും ഉള്‍പ്പെടെ പൊട്ടിത്തെറിച്ചു. ടിവി, അക്വേറിയം, വൈദ്യുതോപകരണങ്ങള്‍ എന്നിവയും ഇടിമിന്നലില്‍ നശിച്ചു.
തൊട്ടടുത്ത വീട്ടിലെയും സ്വിച്ച് ബോര്‍ഡുകള്‍ക്കും വൈദ്യുതോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ മേഖലയിലെ നിരവധി വീടുകളിലെ ടിവി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.