‘മതസ്പർധ വളർത്താൻ ശ്രമിച്ചു’; വി പി സുഹറയ്ക്കെതിരെ പരാതി
കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തക വി പി സുഹറയ്ക്കെതിരെ പരാതി. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാരോപിച്ച് നല്ലളം സ്കൂൾ പിടിഎ പ്രസിഡൻ്റ് ഷാഹുൽ ഹമീദാണ് പരാതി നൽകിയത്. മോശമായി പെരുമാറിയെന്ന വി പി സുഹറയുടെ പരാതിയിൽ ഷാഹുൽ ഹമീദിൻ്റെ മൊഴി ഇന്ന് നല്ലളം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നല്ലളം സ്കൂളിൽ വി പി സുഹറ തട്ടം അഴിച്ച് പ്രതിഷേധിച്ചിരുന്നു.
തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി റിപ്പോർട്ടർ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.
തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങള്‍ കുട്ടിക്കാലം മുതല്‍ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കും. ചിലര്‍ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു. കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ദൂഷ്യം തിരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമര്‍ ഫൈസി പറഞ്ഞു.