നെടുംകണ്ടത്ത് സ്ഥിരം വാക്സിനേഷന്‍ സെന്റര്‍
നെടുങ്കണ്ടം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്തില്‍ സ്ഥിരം വാക്സിനേഷന്‍ സെന്റര്‍ ആരംഭിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം വാക്സിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ച സാഹചര്യത്തിലാണ് സ്ഥിരം വാക്സിനേഷന്‍ സെന്റര്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. നെടുങ്കണ്ടം മേഖലയില്‍ താലൂക്ക് ആശുപത്രി, പട്ടംകോളനി പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് വാക്സിനേഷന്‍ സെന്ററുകള്‍ ഉണ്ടായിരുന്നത്. വിവിധ പഞ്ചായത്തുകളില്‍ നിന്നും ഈ സെന്ററുകളിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരുന്നത്. ജനത്തിരക്ക് പലപ്പോഴും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിനും സമീപ പഞ്ചായത്തുകള്‍ക്കും ഉപകരിക്കുന്ന രീതിയിലാണ് വാക്സിനേഷന്‍ സെന്റര്‍ ആരംഭിച്ചത്. കല്ലാറില്‍ പഞ്ചായത്തിന്റെ കീഴിലുണ്ടായിരുന്ന കമ്യൂണിറ്റി ഹാള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വാക്സിനേഷന്‍ സെന്ററായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ കൂടാതെ മുറ്റം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ തറയോട് പതിച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. സെന്ററിന്റെ ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു സഹദേവന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.
വി.കെ. പ്രശാന്ത്, പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ര്ടീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.